കൊറോണ: മരണ സംഖ്യ 106 ആയി; വൈറസ് ബാധ സ്ഥിരീകരിച്ച് ജർമനിയും, ശ്രീലങ്കയും

0

വുഹാൻ: ചൈനയിൽ കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേർക്ക് വൈറസ് ബാധയേറ്റതായി ചൈന സ്ഥിരീകരിച്ചു. ചൈനയുടെ തലസ്ഥാനമായ ബൈയ്ജിഗിൽ തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി എട്ടാം തീയതി കോറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാൻ നഗരം സന്ദർശിച്ച 50കാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത്. വുഹാനിൽ നിന്നും മടങ്ങിയെത്തി എഴ് ദിവസങ്ങൾക്ക് ശേഷമാണ് പനി അടക്കമുള്ള ലക്ഷണങ്ങൾ ഇയാൾ പ്രകടിപ്പിച്ച് തുടങ്ങിയത്.

ഇതോടെ ചൈനയില്‍ മരണം 106 ആയി. 1291 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4000 ആയി. വൈറസ് നിയന്ത്രിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ രാജ്യത്ത് തുടരുകയാണ്.

മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്. മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 പേർക്ക് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ജര്‍മനിയിലും ശ്രീലങ്കയിലും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഏറ്റവും ഒടുവില്‍ ജര്‍മനിയിലെ സ്റ്റാൻബെർഗിലാണ് വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ചൈനീസ് വനിതയിലാണ് ശ്രീലങ്കയില്‍ രോഗം കണ്ടെത്തിയത്. യുഎസും ഫ്രാന്‍സുമടക്കം 12 രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വുഹാൻ ഉൾപ്പെടെ ചൈനയിലെ 18 നഗരങ്ങളാണ് ഇതുവരെ അടച്ചത്. 40 ദശലക്ഷത്തോളം ആളുകൾ ഒറ്റപ്പെട്ടു കഴിയുകയാണെന്നാണ് വിവരം. വൈറസ് പടരുന്നത് തടയാൻ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ചൈനയിലെ ശാസ്ത്രജ്ഞർ ശക്തമാക്കുകയാണ്.

അതിനിടെ, ഇന്ത്യയില്‍ കര്‍ശന പരിശോധനകൾ തുടരുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രത്യേക ചെക്പോസ്റ്റ് തുറക്കും. കേരളത്തില്‍ 441 പേര്‍ നിരീക്ഷണത്തിലാണ്.