അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടം

1

വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് അഭയാര്‍ഥികളുമായി പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ്. സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. യുഎസ് വ്യോമസേന സി–17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്തെന്നുമാണു വിശദീകരണം.

താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ എയര്‍പോര്‍ട്ടില്‍ ജനങ്ങള്‍ തിരക്ക് കൂട്ടി. വിമാനത്തില്‍ കയറിപ്പറ്റാനായി ജനങ്ങള്‍ തിക്കിതിരക്കി. ഒടുവില്‍ തിക്കിനിറച്ചാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിലെ സുരക്ഷാസാഹചര്യം മോശമായ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന്‌ അഫ്ഗാനികളാണ് കഴിഞ്ഞദിവസം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യുഎസ് വിമാനത്തില്‍ ഇടിച്ചുകയറിയത്. വിമാനത്താവളത്തിലും പരിസരത്തും ആളുകള്‍ പരക്കം പായുന്നതിന്റെയും യുഎസ് വിമാനത്തില്‍ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുരുന്നു. വിമാനം നീങ്ങുമ്പോള്‍ മുന്നിലും വശങ്ങളിലൂമായി കയറാനാകാത്ത ജനം ഓടുന്ന ദൃശ്യം അങ്കലാപ്പ് വ്യക്തമാക്കുന്നതായി. 3200 പേരെ യുഎസ് വിമാനങ്ങളില്‍ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകള്‍.