ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് എട്ട് കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഇറാന്‍

0

ടെഹ്റാന്‍∙ ഇറാന്റെ ഖുദ്‌സ്‌ ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) ഇനാം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഖാസിം സുലൈയ്മാനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം.

സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ ഉന്നത ഇറാന്‍ മിലിട്ടറി കമാന്റര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന്‍ പൗരനും 8 കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

80 മില്യണ്‍ ജനങ്ങള്‍ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ്‌ 8 കോടി ഡോളര്‍ വിലയിട്ടത്‌. ഈ പണം ഡൊണാള്‍ഡ് ട്രംപിന്റെ തലയുമായി വരുന്നവര്‍ക്ക് സമ്മാനിക്കുമെന്നും മിലിട്ടറി കമാന്‍ഡര്‍ സുലൈമാനിയുടടെ മൃതശരീരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. “നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 8 കോടി ഡോളര്‍ നൽകാം’. ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടർ സംപ്രേക്ഷണം നിർത്തിവച്ചു. ജനുവരി മൂന്നിന് പുലര്‍ച്ചെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.