അല്ലു അർജുൻ സിനിമയ്ക്കായി ഫ്രീക്ക് ലുക്കിൽ ജയറാം; തല വെട്ടി ഒട്ടിച്ചതാണോയെന്ന് ചോദിച്ച് മമ്മൂക്ക

0

അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ജയറാം നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കയാണ്.അല്ലു അര്‍ജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് വൈറലായത്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും ജൂലൈയും ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം.

ഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് പറയുന്നു അദ്ദേഹം. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇതേക്കുറിച്ച് പറയുന്നത്.

ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയറാം പറയുന്നു.

തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ‘ഭാഗ്മതി’യിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്.അതേസമയം വിജയ് സേതുപതിക്കൊപ്പമെത്തിയ ‘മാര്‍ക്കോണി മത്തായി’യാണ് ജയറാമിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കണ്ണന്‍ താമരക്കുളത്തിന്റെ പട്ടാഭിരാമനാണ് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.