എല്ലാവരും സമന്മാർ ആരും അധിക സമന്മാരല്ല

0

നിയമസഭയിൽ 2015ൽ അരങ്ങേറിയ കയ്യാങ്കളി സമരത്തിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ള നിയമസഭാംഗങ്ങൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. ഇവർക്ക് പ്രത്യേക പരിരക്ഷയില്ലെന്നും നിയമത്തെ അനുസരിച്ച് വിചാരണ നേരിടേണ്ടതുമാണെന്നാണ് കോടതി വ്യക്തമാക്കിത്. അപ്പീൽ നൽകിയത് പോലും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി.

ജസ്റ്റിസ് ഡി വൈ .ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് അപ്പീൽ തള്ളിയത്. ഭയവും പക്ഷഭേദവുമില്ലാതെ പ്രവർത്തിക്കാനാണ് നിയമ സഭാംഗങ്ങൾക്ക് പരിരക്ഷ നൽകുന്നത്. ഒരു പദവിയും പരിരക്ഷയുടെ അടയാളമല്ല. ഉറപ്പ് വരുത്തേണ്ടത് തുല്യത തന്നെയാണ്. അംഗങ്ങൾ സത്യവാചകത്തോട് നീതി പുലർത്തേണ്ടവരാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാകാനുള്ള പരിരക്ഷ ആർക്കും നൽകുന്നില്ല.

2015ൽ യു ഡി.എഫ് അധികാരത്തിലുള്ളപ്പോൾ അന്നത്തെ ധനമന്ത്രിയായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ എത്തിയപ്പോഴാണ് അത് തടസ്സപ്പെടുത്തി ബാർ കോഴ കേസിൽ ആരോപണ വിധേയനായ മന്ത്രിക്കെതിരെ ഇടത് പക്ഷ അംഗങ്ങൾ കേരള നിയമ സഭ മുൻപ് ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള കയ്യാങ്കളിക്ക് മുതിർന്നതും സഭക്ക് നഷ്ടം വരുത്തുന്ന രീതിയിൽ ആക്രമം നടത്തി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തത്.

ഈ കേസിലെ ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതികളെ സംരക്ഷിക്കാൻ വേണ്ടി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത് ‘ അന്ന് ആർക്കെതിരെയാണോ സമരം നടത്തിയത്, ആ രാഷ്ടീയകക്ഷി ഇന്ന് ഭരണമുന്നണിയുടെ ഭാഗമാണെന്നത് കേരളം കൗതുകത്തോടെ കാണുന്ന മറ്റൊരു രാഷ്ടീയ തമാശയാണ്. കോടതി ഭംഗ്യന്തരേണ സൂചിപ്പിച്ചത് മറ്റൊന്നുമല്ല. എല്ലാവരും തുല്യരാണെന്നും ആരും അധിക തുല്യരല്ല എന്നും തന്നെയാണ്. ഇത് തന്നെയാണ് നീതി ശാസ്ത്രത്തിൻ്റെ ശരി.