‘ശാഠ്യക്കാരായ ഭാര്യമാരെ അടക്കിനിർത്താൻ പുരുഷന് മർദിക്കാം’, വിവാദ പ്രസ്താവനയുമായി വനിതാ മന്ത്രി

1

വിവാദ പ്രസ്താവനയുമായി മലേഷ്യൻ വനിതാ മന്ത്രി. ശാഠ്യക്കാരായ ഭാര്യമാരെ വരുതിയിൽ നിർത്താൻ ഭർത്താക്കന്മാർക്കുള്ള ഉപദേശവുമായാണ് മന്ത്രി സീദി സൈല മുഹമ്മദ് യൂസഫിന്റെ വിഡിയോ. ഭാര്യമാരെ ചെറിയ രീതിയിൽ മർദിക്കുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ഭർത്താക്കന്മാര്‍ക്കുള്ള ഉപദേശം എന്ന രീതിയിൽ പങ്കുവച്ച വിഡിയോക്കെതിരെ വലിയതോതിലുള്ള വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

ഗാർഹിക പീഡനത്തെ നിസാരവത്കരിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ‘മദേഴ്സ് ടിപ്സ്’ എന്ന പേരിൽ പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ആദ്യം ഭർത്താക്കന്മാര്‍ക്കുള്ള ഉപദേശമാണ് സീദി സൈല മുഹമ്മദ് നൽകുന്നത്. ഭാര്യമാരെ എങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരായി മാറ്റാമെന്നും പുരുഷന്മാരോട് അവർ പറയുന്നു. ‘ഭാര്യമാരോട് അച്ചടക്കത്തെ കുറിച്ച് ആദ്യം സംസാരിക്കണം. ഈ നിർദേശങ്ങൾ അവർ സ്വീകരിച്ചില്ലെങ്കിൽ മൂന്നു ദിവസം അവരുടെ അടുത്തു നിന്നും മാറി കിടക്കണം. അതിനു ശേഷവും സ്വഭാവം മാറ്റാൻ ഭാര്യമാർ തയാറായില്ലെങ്കിൽ താൻ എത്രമാത്രം കർക്കശക്കാരനാണന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ ഭർത്താവിന് ആവശ്യമായ ശാരീരികമുറകള്‍ സ്വീകരിക്കാം.’– സീദി സൈല മുഹമ്മദ് പറയുന്നു.

ഭർത്താക്കന്മാരോട് എങ്ങനെയാണ് കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് എന്നതു സംബന്ധിച്ചും സീദി സൈല മുഹമ്മദ് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ‘നിങ്ങളുടെ ഭർത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോൾ അവരോട് നിങ്ങൾ സംസാരിക്കണം. അവർ ഭക്ഷണം കഴിച്ചതിനും പ്രാർഥിച്ചതിനും ശേഷം ശാന്തരായി ഇരിക്കുമ്പോൾ അവരോട് സംസാരിക്കൂ. സംസാരിക്കുന്നതിനു മുൻപ് അവരുടെ അനുവാദം ചോദിക്കണം. ’ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ലിംഗസമത്വം ഉറപ്പു വരുത്തേണ്ടവർ തന്നെ ഗാര്‍ഹിക പീഡനം പോലെയുള്ള കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അത്യന്തം നിരാശാജനകമായ കാര്യമാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കാത്ത മന്ത്രിക്ക് തത്സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും രാജിവയ്ക്കെണമെന്നും അവർ ആവശ്യപ്പെട്ടു.