കടലിനടിയിൽ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തവെ യുവാവ് മുങ്ങി മരിച്ചു

0

‘നിനക്കെന്റെ ഭാര്യയാവാനാകുമോ?’ എന്ന സ്റ്റീവിന്റെ പ്രണയാർദ്രമായ ചോദ്യത്തിന് കെനേഷയുടെ മറുപടി കേൾക്കാതെ എന്നാല്‍ ആ മറുപടി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ സ്റ്റീവന്‍ വീബര്‍ എന്ന അമേരിക്കക്കാരന്‍ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു. അവധിയാഘോഷിക്കാന്‍ ടാന്‍സാനിയയിലെ പേമ്പ ദ്വീപിലെത്തിയതായിരുന്നു സ്റ്റീവനും കെനേഷ അന്റോയിനും. മാന്റ റിസോര്‍ട്ടില്‍ ജലത്തിനടിയില്‍ മുറിയോടു കൂടിയ ക്യാബിനില്‍ തങ്ങുകയായിരുന്നു ഇരുവരും.

ഇതിനിടയിൽ തന്റെ ജീവിതത്തിലേക്ക് കെനേഷയെ ക്ഷണിക്കാന്‍ സ്റ്റീവന്‍ തീരുമാനിച്ചു. കെനേഷയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ വെള്ളത്തിനടിയിലേക്ക് സ്റ്റീഫന്‍ നീന്തി. സ്റ്റീവന്റെ വിവാഹാഭ്യര്‍ഥന കെനേഷ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

‘നിന്നില്‍ എനിക്ക് പ്രിയമായ കാര്യങ്ങള്‍ മുഴവനും പറയാനുള്ള നേരമത്രയും എനിക്കീ വെള്ളത്തിനടിയില്‍ തുടരാനാവില്ല. ഓരോ ദിവസവും എനിക്ക് നിന്നോടുള്ള പ്രണയം ഇരട്ടിയാവുന്നു. ചോദിക്കട്ടെ, നിനക്കെന്റെ ഭാര്യയാവാനാകുമോ?’ ഇങ്ങനെയൊരു കുറിപ്പെഴുതി നനയാത്ത വിധത്തില്‍ കവറിലാക്കി സ്റ്റീവന്‍ കെനേഷയ്ക്ക് വായിക്കാനായി കാണിക്കുന്നത് വീഡിയോയിലുണ്ട്. അതിന് ശേഷം പോക്കറ്റില്‍ നിന്ന് മോതിരമെടുത്ത് അവള്‍ക്ക് നേരെ സ്റ്റീവന്‍ നീട്ടുകയും ചെയ്യുന്നുണ്ട്. പിന്നീട് സ്റ്റീവന്‍ നീന്തിപ്പോകുന്നതാണ് കാണാനാവുക.

‘അടുത്ത ജന്മത്തില്‍ നാം കണ്ടുമുട്ടും നാം വിവാഹിതരാവുകയും ചെയ്യും’ എന്ന വാക്കുകളോടെ സ്റ്റീവന്റെ വീഡിയോയും ചിത്രങ്ങളും ഫെയ്‌സ് ബുക്കിൽ കെനേഷ പോസ്റ്റ് ചെയ്തു. 26 ലക്ഷത്തിലധികം പേര്‍ കെനേഷയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചു. സ്റ്റീവന്റെ അവസാന വീഡിയോ ഇരുപത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.