ഇൻഡോർ: ലാത്തി പിടിച്ചുവാങ്ങി പൊലീസ് കോൺസ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യൂണിഫോമിൽ നിൽക്കുന്ന കോൺസ്റ്റബിള് ജയ്പ്രകാശ് ജയ്‌സ്വാളിനാണ് അടിയേറ്റത്. പൊതുജനമധ്യത്തിലായിരുന്നു മർദനം.
സംഭവത്തിൽ 25 കാരനായ ദിനേശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിലെ വെങ്കിടേഷ് നഗറിൽ പ്രതിയുടെയും മർദനമേറ്റ പൊലീസുകാരന്റെയും വാഹനം ചെറിയ രീതിയിൽ കൂട്ടിയിടിച്ചു. പൊലീസുകാരൻ പ്രതിയോട് ശ്രദ്ധിച്ച് വാഹനമോടിക്കാൻ പറഞ്ഞതോടെ ഇയാൾ പ്രകോപിതനായി. പൊലീസുകാരനിൽ നിന്ന് ലാത്തികൈക്കലാക്കി തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു.
അടിയേറ്റ് നിലത്ത് വീണ പൊലീസുകാരനെ അവിടെയിട്ടും അടിക്കുന്നത് വീഡിയോയിൽ കാണാം. എണീറ്റ് നടന്ന് പോകാൻ ശ്രമിച്ച പൊലീസുകാരനെ പ്രതി പിന്തുടർന്ന് ആക്രമിച്ചു. നിരവധി പേർ സംഭവത്തിന് ദൃക്‌സാക്ഷികളായെങ്കിലും ആരും സഹായിക്കാൻ എത്തിയില്ല.
ആക്രമണത്തിൽ പൊലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പൊലീസ് അധികൃതർ അറിയിച്ചു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഐപിസി 307 (വധശ്രമം) അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ദിനേശിന് ക്രിമിനൽ ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.