‘വെടിയേറ്റ് കൊല്ലപ്പെട്ടിട്ടില്ല,സുരക്ഷിത’; മരണവാർത്ത തള്ളി നിഷ ദഹിയ

0

ഹലാല്‍പുര്‍ (ഹരിയാന): വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. താന്‍ സുരക്ഷിതയാണെന്നും സീനിയര്‍ നാഷണല്‍സില്‍ മത്സരിക്കാന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്‍ഡയിലാണുള്ളതെന്നും നിഷ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

നിഷ ദഹിയയും സഹോദരൻ സൂരജും അജ്ഞാതരുടെ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഹരിയാനയിലെ ഹലാൽപുരിലുള്ള സുശീൽകുമാർ അക്കാദമിയിൽ വച്ചാണ് ഇവർക്ക് വെടിയേറ്റതെന്നും ഇവരുടെ അമ്മ ധൻപതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന, 23 വയസ്സിൽ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച നിഷ ദഹിയ വെങ്കലം നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തി താരങ്ങൾക്കുള്ള അഭിനന്ദനക്കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷയുടെയും പേര് പരാമർശിച്ചിരുന്നു. മെഡൽ നേട്ടത്തിന്റെ ആഹ്ലാദമടങ്ങും മുൻപാണ് നിഷ അജ്ഞാതരുടെ തോക്കിന് ഇരയായതായി വ്യാജ റിപ്പോർട്ട് പ്രചരിച്ചത്.