എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് എം.എസ്. ധോണി. ന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതിഭാവുകത്വങ്ങളൊന്നുംതന്നെ ഇല്ലാതെ നന്ദി എന്നുമാത്രം എഴുതി 15 വാക്കുകളുള്ള വിരമിക്കല്‍ സന്ദേശം അതായിരുന്നു ധോണിയുടേത്…

ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.

ഏതാണ്ട് ഒരുവര്‍ഷമാകുന്നു ധോണി ക്രിക്കറ്റ് ബാറ്റിൽ തൊടാതായിട്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ മാഞ്ചസ്റ്റര്‍ മൈതാനത്ത് നിന്നും ന്യൂസീലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ റണ്ണൗട്ട് ആയി കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോരല്‍ ഒരു വിരമിക്കലായിരുന്നു.

2004 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു ക്യാപ്റ്റനാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിംഗുകളുമുണ്ട്.

48 ഏകദിനങ്ങളിൽനിന്ന് 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെ‍ഞ്ചുറിയും 72 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. ഏകദിനത്തിൽ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിംഗുകളുമുണ്ട്. രണ്ട് ഏകദിനങ്ങളിൽ ധോണി ഒരു വിക്കറ്റും സ്വന്തമാക്കി. 98 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.60 റൺ ശരാശരിയിൽ രണ്ട് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1617 റൺസും ധോണി നേടി. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിംഗും ധോണിയുടെ പേരിലുണ്ട്.