ചെലോൽക്ക് റെഡിയാവും ചേലോൽക്ക് റെഡിയാവൂല്ല’, ‘എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ’;വീഡിയോ വൈറല്‍

1

‘‘ഇന്ന് ഞമ്മള് ണ്ടാക്കാൻ പോകുന്നത് പൂവാണ്’’കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ തുടങ്ങുന്നത് ഇങ്ങനെയാണ്. കടലാസ് പൂവുണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെ വിവരിക്കുകയാണ് കുഞ്ഞുപയ്യൻ മുഹമ്മദ്.

അവന്‍റെ സംസാര രീതിയിൽ തന്നെയാണ് വിവരണവും. കടലാസൊക്കെ മടക്കി പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി കത്രിക കൊണ്ട് മുറിച്ച് ക്ഷമയോടെയാണ് പൂ നിർമ്മാണം. പടി പടിയായി കമന്‍ററിയും നൽകുന്നുണ്ട്. ഈ സംഭാഷണമാണ് വീഡിയോയെ വൈറലാക്കിയതും.

എന്നാല്‍ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും ഉദ്ദേശിച്ച രീതിയിലല്ലായിരുന്നു പൂവിന്റെ ആകൃതി എന്തായാലും പ്രശ്‌നമില്ലെന്ന് പറഞ്ഞുള്ള കുട്ടിയുടെ ഡയലോഗാണ് വീഡിയോയുടെ ഹൈലൈറ്റ്. പൂവ് വിചാരിച്ച ആകൃതിയിൽ കിട്ടാഞ്ഞിട്ടും ആ മിടുക്കൻ കമെന്ററി നിർത്തുന്നില്ല ഒരുനിമിഷം പോലും വാക്കുകൾ ഇടറാതെ അവൻ തുടർന്നു.

‘ചെലോൽക്ക് റെഡിയാവും ചേലോൽക്ക് റെഡിയാവൂല്ല’,ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്… എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ…’’എന്നാണ് ഒട്ടും ഭാവവ്യത്യാസമില്ലാതെ പ്രതീക്ഷിച്ച ഫലം കിട്ടാഞ്ഞിട്ടും കടലാസ് പൂവിനെപ്പറ്റി കുട്ടി പറയുന്നത്.

നിസാര കാര്യങ്ങൾക്ക് പോലും മനസ് തകര്‍ന്നു പോകുന്ന ആളുകൾ ഇത് കാണണമെന്നാണ് കമന്‍റുകൾ.. ‘ഇജ്ജാതി മോട്ടിവേഷൻ’ എന്നും ചിലർ പറയുന്നുണ്ട്. മലപ്പുറത്തെ കുഴിമണ്ണ ഇസ്സത്ത് ഹയർ സെക്കൻഡറി സ്കൂൾനാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസാണ് വീഡിയോയിലെ ഈ കുഞ്ഞുതാരം.