മലേഷ്യൻ വിമാനം വെടിവച്ചിട്ട സംഭവം: 4 പേർക്കെതിരെ വധക്കേസ്

0

ആംസ്റ്റർഡാം ∙ യുക്രെയ്നു മുകളിൽവച്ച് മലേഷ്യൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ 4 പേർക്കെതിരെ വധക്കേസ് ചുമത്തി. സംഭവത്തിൽ 3 റഷ്യക്കാർക്കും ഒരു യുക്രെയ്ൻകാരനുമെതിരെയാണ് വധക്കേസ് ചുമത്തിയിരിക്തുന്നത്. രാജ്യാന്തര അന്വേഷണത്തിനു നേതൃത്വം നൽകിയ നെതർലൻഡ്സിലെ കോടതിയിലാണ് 4 പേരെ വിചാരണ ചെയ്യുക. സെർജി ഡുബിൻസ്കി, ഒലേഗ് പുലാറ്റോവ്, ഇഗോർ ഗിർകിൻ എന്നീ റഷ്യക്കാരും യുക്രെയ്ൻകാരനായ ലിയോനിദ് ഗർച്ചെങ്കോ എന്നിവരാണ് ഈ കേസിലെ പ്രതികൾ. 298 യാത്രക്കാരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

തീവ്ര വലതുപക്ഷ റഷ്യൻ വ്യാഖ്യാതാവായ ഗിർകിൻ മുൻപ് റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുക്രെയിനിലെ സ്വയം പ്രഖ്യാപിത ഡൊനെറ്റ്സ് പീപ്പിൾസ് റിപ്പബ്ലിക് (ഡിഎൻഎസ്) സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്നു. ഡുബിൻസ്കി ഈ സർക്കാരിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവിയും. പുലാറ്റോവും ഗർച്ചെങ്കോയും ഡിഎൻഎസിന്റെ ഭാഗമായിരുന്നു. 2020 മാർച്ചിലാണ് നെതർലൻഡ്സിലെ കോടതിയിൽ കേസ് വിചാരണ ആരംഭിക്കുക.

കുറ്റാരോപിതരെ റഷ്യ കൈമാറില്ലെന്നുറപ്പുള്ളതിനാൽ അവരുടെ അഭാവത്തിലായിരിക്കും നെതർലൻഡ്സിലെ വിചാരണ. യുക്രെയ്ൻ പൗരനെ പിടികൂടി കൈമാറുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ബൽജിയം, മലേഷ്യ, നെതർല‍ൻഡ്സ്, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ ദുരന്തത്തെക്കുറിച്ച് നടത്തിയ സംയുക്ത അന്വേഷണത്തിൽ വിമാനം തകർത്ത മിസൈൽ കുർസ്ക് എന്ന നഗരത്തിലെ റഷ്യയുടെ പട്ടാള ബ്രിഗേഡിൽ നിന്നാണു വിക്ഷേപിച്ചതെന്നു കണ്ടെത്തിയിരുന്നു.

റഷ്യയാണ് ദുരന്തത്തിനു കാരണമെന്ന് നെതർലൻഡ്സും ഓസ്ട്രേലിയയും മേയിൽ ഔദ്യോഗികമായി വ്യക്തമാക്കി. എന്നാൽ, വിമാനം തകർന്നതുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യൻ നിലപാട്. യാത്രക്കാരിൽ 196 പേർ ഡച്ചുകാരായിരുന്നു. മരിച്ചവരിൽ കൂടുതൽ പേരുള്ള രാജ്യത്താണ് കേസ് വിചാരണ നടക്കുക.

2014 ജൂലൈ 17നു നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പുറപ്പെട്ട മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 17 വിമാനം യുക്രെയ്‌ൻ സേനയും വിഘടനവാദികളായ റഷ്യൻ അനുകൂല വിമതരും തമ്മിൽ പോരാട്ടം നടക്കുന്ന കിഴക്കൻ യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോൾ മിസൈലേറ്റ് തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചു.