കൊറോണ: ചൈനയിൽ മരണം 361; 24 രാജ്യങ്ങളിൽ വൈറസ്; രോഗം സ്ഥിരീകരിച്ചത് 17,205 പേര്‍ക്ക്

0

ബെയ്ജിങ് : കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. 57 പേർക്കാണ് ഇന്നലെ മാത്രം ചൈനയിൽ ജീവൻ നഷ്ടമായത്. ഇതിൽ 56 പേർ ഹ്യൂബെ പ്രവിശ്യയിൽ ഉള്ളവരാണ്. ചൈനയ്ക്ക്‌ പുറത്ത് ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു.

ശനിയാഴ്ച മാത്രം 4562 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട്‌ചെയ്തു. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്‌തിട്ടുണ്ട്‌. 2110 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. രോഗം പൊട്ടിപ്പുറപ്പെട്ട ഹ്യൂബെ പ്രവിശ്യ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. മരണസംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു.

വൈറസ് കൂടുതല്‍ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നല്‍കി വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265-ഉം വെന്‍ഷൂവിലാണ്.

കൊറോണ ഭീതിയില്‍ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സർവീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്. ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി സൗദി എയർലൈൻസാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.