നേഴ്സിങ്ങിന്റെ സാധ്യതകൾ- മുരളി തുമ്മാരുകുടി

0

ആശാരിപ്പണി മുതൽ അക്കൗണ്ടന്റ് വരെയായി മലയാളികൾ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും മലയാളി പ്രൊഫഷണലുകളിൽ ഏറ്റവും ബ്രാൻഡ് വാല്യൂ ഉള്ളത് നമ്മുടെ നേഴ്‌സുമാർക്കാണ്. ഇന്ത്യയിൽ വീരശൂരപരാക്രമികളായ ആണുങ്ങൾ പോലും പോകാൻ മടിച്ചിരുന്ന ചമ്പൽ പ്രദേശത്തും, തന്നാട്ടുകാർ പോലും പുറത്തേക്ക് പോയിരുന്ന പഞ്ചാബിലെ ഭീകരവാദ കാലത്തും മലയാളി പെൺകുട്ടികൾ നഴ്സുമാരായി അവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, ലിബിയയിലും ഇറാഖിലും വരെ അവർ ഇപ്പോഴും ജോലി ചെയ്യുന്നു. സന്പന്നതയുടെ മധ്യത്തിലും യുദ്ധഭൂമിയുടെ നടുവിലും ആണെങ്കിലും മലയാളി നഴ്സുമാരുടെ അർപ്പണ മനോഭാവം, ആത്മാർത്ഥത, പ്രൊഫഷണലിസം ഇവയെല്ലാം ബഹുമാനിക്കപ്പെടുന്നു. നോബൽ കമ്മറ്റിയൊക്കെ ചില വർഷങ്ങളിൽ വ്യക്തികൾക്കല്ലാതെ പ്രസ്ഥാനങ്ങൾക്ക് സമ്മാനം നൽകാറുണ്ട്. അതുപോലെ നമ്മുടെ സർക്കാർ എന്നെങ്കിലും ഒരു കാലത്ത് ഏതെങ്കിലുമൊരു വിഭാഗത്തിന് ഭാരതരത്നം സമ്മാനിക്കാൻ തീരുമാനിച്ചാൽ അതിൽ എന്റെ ഒന്നാമത്തെ നോമിനേഷൻ മലയാളി നേഴ്‌സുമാരുടേത് തന്നെയാണ്.
കാര്യം ഇതൊക്കെയാണെങ്കിലും മിഥ്യാഭിമാനികളായ മലയാളിസമൂഹം നേഴ്‌സുമാർക്കും അവരുടെ തൊഴിലിനും വേണ്ടത്ര ബഹുമാനവും അംഗീകാരവും ഇനിയും നൽകിയിട്ടില്ല. പണ്ടൊക്കെ നേഴ്‌സാകുവാൻ പോകുന്നതു തന്നെ മോശമായി കണ്ടിരുന്നു. ഇപ്പോൾ അതെല്ലാം മാറിവരുന്നു. എന്നാൽ നഴ്‌സുമാരെ കല്യാണം കഴിച്ച് വിദേശത്ത് പോകുന്നവരെപ്പറ്റിയും നേഴ്സ് ആകാൻ പോകുന്ന ആൺ കുട്ടികളെ പറ്റിയും ഒക്കെ ഇപ്പോഴും മലയാളികൾ വിലകുറച്ച് സംസാരിക്കുന്നത് ജീവിതത്തിലാണെങ്കിലും സിനിമയിൽ ആണെങ്കിലും എന്നെയേറെ ദേഷ്യപ്പെടുത്താറുണ്ട്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളിലും എൻജിനീയർമാർക്കോ ഡോക്ടർമാർക്കോ ഒപ്പം ഡോക്ടർമാരുടെ തൊഴിലിന് അംഗീകാരമോ വരുമാനമോ ലഭിക്കാത്തതും, വർഷാവർഷം പത്മശ്രീ ഒക്കെ ഡോക്ടർമാർ നേടിയെടുക്കുന്പോൾ ഒരിക്കൽ പോലും നേഴ്‌സുമാർ അതിന്റെ പരിധിയിൽ വരാത്തതും എന്നെ സങ്കടപ്പെടുത്തുന്നുണ്ട്. ചുമ്മാതല്ല, മധ്യതിരുവിതാംകൂർ പ്രദേശത്ത് കേരളത്തിലെ ജനസംഖ്യ കുറഞ്ഞുവരുന്നത്. വേണ്ട അംഗീകാരം ലഭിക്കാത്ത നാടിനോട് അവർ കാലുകൊണ്ട് വോട്ട് ചെയ്യുകയാണ്. Voting with their feet എന്ന പ്രയോഗം അറിയാത്തവർ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.
നേഴ്‌സിങ് പ്രൊഫഷനിൽ ഇപ്പോഴും കേരളത്തിൽ സാച്ചുറേഷനൊന്നും ആയിട്ടില്ല. ഇന്ത്യയിലെ കാര്യമാണെങ്കിൽ പറയാനുമില്ല. ഇംഗ്ലണ്ടിൽ ഉൾപ്പടെ നമ്മുടെ നഴ്സുമാർ ജോലി ചെയ്യുന്ന പല നാടുകളിലും വളരെ അധികം ഷോർട്ടേജ് ഉള്ള ജോലിയാണിത്. റോബോട്ടുകൾ എടുത്തു കൊണ്ട് പോകാൻ സാധ്യത കുറവുള്ള ജോലിയും ആണ്. പക്ഷെ അടുത്ത കാലത്ത് കൂടുതൽ നഴ്സിംഗ് കോളേജ് ഒക്കെ വന്നതിനാൽ ഈ രംഗത്ത് ഒരു സർപ്ലസ് ഉള്ളതായി തോന്നാം. സ്വകാര്യ ആശുപ്രത്രികളിലെ ശന്പളം ദയനീയമാണ്. ഇതുകൊണ്ടു തന്നെ ഈ തൊഴിലിലേക്ക് തിരിയാൻ ഇപ്പോൾ കുട്ടികൾക്ക് മടി വരുന്നുമുണ്ട്. ഇത് മാറേണ്ടതാണ്. ഇനിയും കേരളത്തിന് പുറത്ത് ഇന്ത്യയിലും മറ്റു ലോകത്തും എത്രയോ അവസരങ്ങൾ ഉള്ള തൊഴിലാണ് നഴ്സിംഗ്.
ഞാൻ മനസ്സിലാക്കുന്നിടത്തോളം ശരിക്കും വിദ്യാഭ്യാസം ലഭിച്ച നേഴ്‌സുമാർ ഏറെ കൂടുതലുള്ളതല്ല നമ്മുടെ പ്രശ്നം. ഡോക്ടറുടെ യോഗ്യത എന്തെന്ന് രോഗികളും മറ്റുള്ളവരും ശ്രദ്ധിക്കുന്പോൾ നേഴ്‌സുമാരുടെ യോഗ്യതയുടെ കാര്യത്തിൽ നമുക്കൊരു ശ്രദ്ധയുമില്ല. ഇതിന്റെ പരിണിതഫലം എന്തെന്നുവെച്ചാൽ ഒരു യോഗ്യതയുമില്ലാത്തവരോ മുഴുവൻ യോഗ്യതയില്ലാത്തവരോ ഒക്കെത്തന്നെ ‘സിസ്റ്റേഴ്സ്’ ആയി ആശുപത്രികളിലുണ്ട്. ഇങ്ങനെയുള്ളവരെക്കൊണ്ട് യോഗ്യതയുള്ളവരുടെ പണി ചെയ്യിക്കും എന്നതു കൊണ്ട് യോഗ്യതയുള്ളവരെ ആവശ്യത്തിനു നിയമിക്കാതെയും നിയമിക്കുന്നവർക്ക് ആവശ്യത്തിന് ശന്പളം നൽകാതെയും സ്വകാര്യ ആശുപത്രികൾ ചൂഷണം നടത്തുന്നു. ഇതുമാറി ശരിയായ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കൂ എന്നുവന്നാൽ നമ്മുടെ നേഴ്‌സുമാരുടെ ജോലിസാധ്യത കൂടും എന്നുമാത്രമല്ല, അവരുടെ ബാർഗൈനിങ് പവറും ശന്പളവും കൂടുകയും ചെയ്യും.
പുറംരാജ്യങ്ങളിൽ പ്രത്യേകിച്ചും യൂറോപ്പിലൊക്കെ ഏറെ ബഹുമാനിക്കപ്പെടുന്ന ജോലിയാണ് നേഴ്‌സുമാരുടേത്. അതിനനുസരിച്ചുള്ള ശന്പളവും അവർക്കവിടെയുണ്ട്. എന്നാൽ ഡോക്ടർമാരുടെ പോലെതന്നെ പുറംനാടുകളിൽ വരാൻ പരിശീലനത്തിന്റെയും ലൈസൻസിന്റെയും ഭാഷയുടേയുമൊക്കെ ആവശ്യമുണ്ട്. സ്വിറ്റ്‌സർലൻഡിൽ തന്നെ ജർമ്മൻ സംസാരിക്കുന്ന പ്രദേശങ്ങളിൽ വളരെ അധികം മലയാളി നഴ്സുമാർ ഉള്ളപ്പോൾ ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശങ്ങളിൽ അവർ തീരെ ഇല്ല, സ്വിറ്റ്‌സർലൻഡിൽ വരുന്ന ഭൂരിഭാഗം നഴ്സുമാരും ജർമ്മനിയിലോ ആസ്ട്രിയയിലോ വന്ന് ജർമ്മൻ ഭാഷ പഠിച്ചതിനു ശേഷമാണ് സ്വിറ്റ്‌സർലൻഡിൽ എത്തുന്നത്. ഇന്ത്യയിൽ നിന്നും ഫ്രാൻസിലേക്ക് വലിയ തോതിൽ നഴ്സുമാർ പോകാത്തതിനാൽ ഫ്രഞ്ച് പഠിച്ച് സ്വിറ്റ്‌സർലൻഡിൽ എത്താൻ അവർക്ക് അവസരം ലഭിക്കുന്നില്ല. അപ്പോൾ അടിസ്ഥാന പരിശീലനത്തിലല്ല, ഇംഗ്ലീഷിൽ പ്രാവീണ്യമില്ലായ്‌മ, മറ്റു ഭാഷകൾ പഠിക്കാനുള്ള അവസരക്കുറവ്, മറ്റു രാജ്യങ്ങളിലെ രജിസ്ട്രേഷൻ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഇതൊക്കെയാണ് നമ്മുടെ കുട്ടികളെ പിന്നോട്ട് വലിക്കുന്നത്.
എനിക്ക്ഈ വ്യക്തിപരമായി അധികം അറിവുള്ള മേഖല അല്ല ഇത്. അത് കൊണ്ട് തന്നെ പഠന കാലത്തു തന്നെ ഇംഗ്ലീഷ് നന്നാക്കാൻ ശ്രമിക്കുക, ഒരു വിദേശഭാഷയെങ്കിലും പഠിക്കുക(അറബിക്, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ എന്നിങ്ങനെ), റീഹാബിലിറ്റേഷൻ, ജെറിയാട്രിക്സ് തുടങ്ങിയ കൂടുതൽ ഡിമാൻഡ് ഉള്ളതും റോബോട്ടുകൾ ഒന്നും അടുത്തയിടക്കൊന്നും ഏറ്റെടുക്കാൻ പോകാത്തതും ആയ വിഷയങ്ങളിൽ ഒക്കെ കൂടുതൽ ശ്രദ്ധിക്കുക, ഓൺലൈൻ പഠനാവസരങ്ങൾ ഉപയോഗിക്കുക എന്നിങ്ങനെ ഉള്ള പൊതു നിർദേശങ്ങൾ തരാനേ എനിക്ക് പറ്റൂ.
പക്ഷെ ഈ വിഷയങ്ങളിലൊക്കെ അറിവുള്ള കുറച്ചുപേരെയാണ് ഞാനിന്ന് മെന്റർമാരായി പരിചയപ്പെടുത്തുന്നത്.
എം എസ് സി നഴ്സിംഗ് കഴിഞ്ഞു സൗദിയിൽ ജോലി ചെയ്തതിനു ശേഷം ഇപ്പോൾ അയർലൻഡിൽ ജോലി ചെയ്യുന്ന മനു
ബഹറിനിൽ HR മാനേജർ ആയിരുന്നതിനു ശേഷം ആസ്ട്രേലിയയിൽ വന്നതിനു ശേഷം അവിടെ യൂണിവേഴ്സിറ്റിയിൽ ചേർന്ന് നഴ്സിംഗ് പഠിച്ച് കരിയർ ചേഞ്ച് വിജയകരമായി നടത്തിയ ജോമിയ ജോസഫ്
ബി എസ് സി നഴ്സിംഗ് കഴിഞ്ഞതിനു ശേഷം ഡൽഹിയിൽ ജോലി ചെയ്യുന്ന അഖിൽ
നഴ്സിംഗ് രംഗത്ത് നിന്ന് തുടങ്ങി ഇപ്പോൾ അഡ്മിനിസ്ട്രേഷനിലും ഇൻഫോർമാറ്റിക്സിലും ജോലി ചെയ്യുന്ന സൂര്യ ഷേണായ്
ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന സെബിൻ
അവരോട് ചോദ്യങ്ങൾ ചോദിക്കുക, അവരെ ഫോളോ ചെയ്യുക, അവസരങ്ങൾ ചോദിച്ചു മനസ്സിലാക്കുക. Remeber, future career is all about networks.
നമ്മുടെ നേഴ്‌സുമാർ നമ്മുടെ അഭിമാനമാണ്. ലോകത്തെവിടെയും നമ്മുടെ നാടിന്റെ പേരവർ ഉയർത്തിയിട്ടുണ്ട്, ലോകത്തെ ഏതെങ്കിലും ഒരു കോണിൽ ഒരു അസുഖവും ആയി ആശുപത്രിയിൽ എത്തുമ്പോൾ ഒരു മലയാളി നഴ്സിനെ കാണുന്നത് എത്ര ആശ്വാസകരം ആണെന്ന് പറഞ്ഞറിയിക്കാൻ വയ്യ. സാധാരണ പക്ഷെ ആശുപത്രിക്കിടക്കയിൽ എത്തുന്പോഴാണ് നമ്മൾ മാലാഖമാർ എന്നൊക്കെ പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നത്. അവരെ മനസ്സിലാക്കാൻ നമ്മൾ വീൽ ചെയറിൽ എത്തുന്നത് വരെ കാത്തിരിക്കേണ്ട, ഇപ്പോഴേ അറിയൂ, ബഹുമാനിക്കാൻ പഠിക്കൂ.