മനുഷ്യനേക്കാളും നീളമുള്ള തുടയെല്ല്! പത്താനകളുടെ ഭാരം; ഈ ഫോസിൽ ഏതാണെന്നറിയാമോ?

0

14 കോടി വർഷങ്ങൾക്കു മുൻപ്, ജൂറാസിക് കാലഘട്ടത്തിന്റെ അവസാന ഘട്ടങ്ങളിൽ ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറിന്റെ തുടയെല്ല് കണ്ടെത്തി. ഒരു ദശാബ്ദക്കാലമായി ഫ്രാൻസിൽ ഫോസിലുകൾക്കു വേണ്ടി തിരച്ചിൽ തുടരുന്ന പാലിയന്റോളജിസ്റ്റുകളെ ഈ കാഴ്ച അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു എന്നുതന്നെ വേണം പറയാൻ. ഒരു മനുഷ്യനേക്കാളും നീളമുണ്ട് തുടയെല്ലിന്. ദിനോസർ ഫോസിലുകൾക്കു പ്രശസ്തമായ തെക്കു പടിഞ്ഞാറൻ ഫ്രഞ്ച് മേഖലയിലായിരുന്നു ഈ തുടയെല്ല് കണ്ടെത്തിയത്. ഇത്രയും കൃത്യമായി സംരക്ഷിക്കപ്പെട്ട നിലയിൽ ഒരു ദിനോസറിന്റെ തുടയെല്ല് കണ്ടെത്തുന്നത് ഇതാദ്യമെന്നു ഗവേഷകർ വ്യക്തമാക്കി.

ഭൂമിയിൽ ഇന്നേവരെ വരെ ജീവിച്ചിട്ടുള്ളതിൽ ഏറ്റവും ഭീമന്മാരായ സോറോപോഡുകൾ എന്ന ദിനോസറുകളുടെ തുടയെല്ലാണിതെന്നാണ് ഗവേഷകർ പറയുന്നത്. നീളൻ കഴുത്തും തടിച്ചവാലും കുഞ്ഞി തലച്ചോറുമുള്ള സസ്യബുക്കുകളായ ഈ ദിനോസറുകൾ മറ്റു ദിനോസറുകൾക്കൊപ്പം വൻനാശം വന്നവയാണ്.വലുപ്പക്കൂടുതൽ കൊണ്ടുതന്നെ ഇന്നു ലോകത്തു കണ്ടെത്തിയിരിക്കുന്ന ദിനോസർ ഫോസിലുകളിൽ ഏറെയും ഇവയുടേതാണ്.

ഏകദേശം ആറര അടി (രണ്ടു മീറ്റർ) നീളമുള്ള തുടയെല്ലു കണ്ടെത്തിയിരിക്കുന്നത് ഫ്രാന്‍സിലെ ഓഷക്–ഷാറോന്ത് എന്നറിയപ്പെടുന്ന പ്രദേശത്തായിരുന്നു. പാലിയന്റോളജിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇത്. പ്രാചീന കാലത്ത് ഇവിടം ചതുപ്പുനിലമായിരുന്നെന്നാണു കരുതപ്പെടുന്നത്. അതിനാൽത്തന്നെ ഒട്ടേറെ ദിനോസറുകളുടെയും മറ്റു ജീവികളുടെയും ഫോസിലുകൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫോസിലുകളുടെ ‘സ്വർഗമാണ്’ ഇതെന്ന് 2010ലാണ് ഗവേഷകർക്കു മനസ്സിലായത്. ഗവേഷകരിൽ പലർക്കും പലതരം ദിനോസർ ഫോസിലുകള്‍ ലഭിക്കാൻ തുടങ്ങിയതോടെ പ്രത്യേക മേഖലയായി സംരക്ഷിച്ച് പര്യവേക്ഷണവും തുടങ്ങി.

യൂറോപ്പിൽ മറ്റെവിടെയുമില്ല ഇത്രയും കൃത്യമായി സംരക്ഷിക്കപ്പെട്ട ഫോസിലുകൾ. പത്തു വർഷം കൊണ്ട് ഇവിടെ നിന്നു കണ്ടെത്താനായത് ദിനോസറുകളുടെ 7500ഓളം അസ്ഥികളാണ്. ഏകദേശം 45 തരം ദിനോസറുകളുടെ ഫോസിലുകൾ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ പല ഫോസിലുകളും പാറകളിൽ നിന്നും മറ്റും വീണ്ടെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. വലുപ്പമേറിയ അസ്ഥികളാണെങ്കിൽ എളുപ്പം പൊടിഞ്ഞുപോകാനും സാധ്യതയുണ്ട്. എന്നാൽ ഇത്തവണ കണ്ടെത്തിയിരിക്കുന്ന തുടയെല്ല് അസാധാരണമാം വിധം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണു ഗവേഷകർ പറയുന്നത്. എല്ലിൽ മാംസത്തിന്റെയും സ്നായുക്കളുടെയും അടയാളങ്ങൾ വരെ കൃത്യമായുണ്ട്.

ഓഷക്–ഷാറോന്ത് മേഖലയിൽ നിന്നു പലപ്പോഴായി ലഭിച്ച അസ്ഥികൾ ചേർത്ത് ഒരു സോറോപോഡിന്റെ സമ്പൂർണ ഫോസിലിന് രൂപം നൽകാനുള്ള ശ്രമത്തിലാണിവർ. പാലിയന്റോളജിസ്റ്റുകളെ സംബന്ധിച്ചെടുത്തോളം ഈ ശ്രമം ഒരു വല്യ നേട്ടമാണ്.അതിന്റെ 50 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. അപ്പോഴാണ് കൂറ്റൻ തുടയെല്ല് ലഭിക്കുന്നത്. ജൂറാസിക് കാലത്ത് ഏകദേശം 45,000 കിലോഗ്രാം ഭാരമുണ്ടായിരുന്ന ‘ഭീമന്റെ’ ഫോസിലാണ് പുനഃസൃഷ്ടിക്കാൻ ശ്രമിക്കികുന്നത്.

2010ലും ഇവിടെ നിന്ന് ഒരു സോറോപോഡിന്റെ തുടയെല്ല് ലഭിച്ചിരുന്നു. അതിന് ഏകദേശം 2.2 മീറ്ററായിരുന്നു നീളം. 500 കിലോ ഭാരവുമുണ്ടായിരുന്നു. പുതിയ ദിനോസറെല്ലിനും അത്രയും തന്നെ ഭാരം കാണുമെന്നാണു ഗവേഷകർ പറയുന്നത്. അതിന് ഒരാഴ്ചയോളം സമയം വേണ്ടി വരും; തുടയെല്ല് നീക്കാൻ ഒരു വമ്പൻ ക്രെയിനും ആവശ്യമാണ്. തുടയെല്ല് ലഭിച്ച അതേ കളിമൺപാളിയിൽ തന്നെ ഒരു ഇടുപ്പെല്ലും കണ്ടെത്തിയിട്ടുണ്ട്. അത് സോറോപോഡിന്റേതു തന്നെയാണോയെന്നും പരിശോധന തുടരുകയാണ്. പാരിസിലെ നാഷനൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയുടെ കീഴിൽ ഏഴുപതോളം പേരാണ് ഇവിടെ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.