കടല്‍സിംഹത്തെ വായിലാക്കി തിമിംഗലം; ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ചിത്രം; വൈറൽ

0

ലോസ് ആഞ്ജലിസ്: ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു നല്ല ചിത്രം അത് ചിലപ്പോൾ വാക്കുകളേക്കാൾ ഏറെ സംസാരിക്കും. അത്തരത്തിൽ വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കടല്‍ സിംഹത്തെ വായിലൊതുക്കുന്ന തിമിംഗലത്തിന്റെ ചിത്രമാണത്.

കാലിഫോര്‍ണിയയിലെ മോണ്‍ടറിക്കു സമീപമുള്ള സമുദ്രഭാഗത്തുനിന്നാണ് ഈ അപൂർവ്വ ചിത്രം ക്യാമറയിൽ പകർത്തിയത്. വെള്ളത്തിന് മുകളിൽ ഉയർന്നുകിടക്കുന്ന തിമിംഗലത്തിന്റെ തലഭാഗമാണ് ചിത്രത്തിലുള്ളത്. പിളര്‍ന്ന വായില്‍ പെട്ടിരിക്കുന്ന കടല്‍ സിംഹത്തെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് തിമിംഗലം. മറൈന്‍ ബയോളജിസ്റ്റായ ചേയ്‌സ് ഡെക്കര്‍ ആണ് ഈ കൗതുകകരമായ ചിത്രം പകര്‍ത്തിയത്.

കടല്‍ യാത്രയ്ക്കിടയില്‍ പലതരത്തിലുള്ള അപൂര്‍വ ദൃശ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ദൃശ്യം ആദ്യമായിട്ടാണെന്ന് ചേയ്‌സ് ഡെക്കര്‍ പറയുന്നു. തിമിംഗല ഗവേഷണവുമായി ബന്ധപ്പെട്ട് ജൂലായ് 22ന് നടത്തിയ കടല്‍ യാത്രക്കിടയിലാണ് തിമിംഗലങ്ങളുടെ ഒരു ചെറു സംഘത്തെ കണ്ടത്.

ചെറിയ മത്തികളുടെ കൂട്ടത്തെ ഭക്ഷണമാക്കുകയായിരുന്നു തിമിംഗലങ്ങൾ അവരുടെ തൊട്ടടുത്തു തന്നെ ഒരല്പം മാറി കടല്‍സിംഹങ്ങളുടെ വലിയൊരു സംഘവും മത്തിക്കൂട്ടത്തെ ആഹാരമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു കടല്‍സിംഹം തിമിംഗലങ്ങള്‍ക്കിടയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തിമിംഗലങ്ങളില്‍ ഒന്ന് കടല്‍സിംഹത്തെ വായിലാക്കി. ഈ ദൃശ്യമാണ് ചേയ്സ് ഡെക്കറിന്റെ കാമറയില്‍ പതിഞ്ഞത്.

എന്നാൽ കടൽ സിംഹം ഭാഗ്യം കൊണ്ട് തലനാരിഴയ്ക്ക് തിമിംഗലത്തിന്റെ വായിൽ നിന്നും രക്ഷപെടുകയായിരുന്നു. തിമിംഗലത്തിന് വായടയ്ക്കാനാവുന്നതിനു മുന്‍പ് ഒരു നിമിഷാര്‍ദ്ധംകൊണ്ട് അത് കടലിലേയ്ക്ക് വഴുതി, ഉത്കടലിന്റെ അഗാതതയിലേക്ക് നൂണ്ടിറങ്ങി. ചേയ്‌സ് ഡെക്കര്‍ പറയുന്നു. ഒരു പതിറ്റാണ്ടോളമായി കടല്‍ ജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ആളാണ് ചേയ്‌സ് ഡെക്കര്‍ പറയുന്നു.