ദിലീപിന്റെ ‘ദേ പുട്ടി’ൽ നിന്നും നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0

പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചിയും മാലിന്യം കലർന്ന ഐസ്‌ക്രീമും പിടിച്ചെടുത്തു. കോഴിക്കോട് പുതിയറയിലുള്ള ദേ പുട്ടിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു.

പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യുന്നുവെന്നും വിൽപന നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ദേ പുട്ടിൽ വൃത്തിഹീനമായതും പൂപ്പൽ പിടിച്ചതുമായ ഫ്രീസറിൽ സൂക്ഷിച്ച മാലിന്യം കലർന്ന ഐസ്‌ക്രീം, കോഴിമാംസം, വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച എണ്ണ എന്നിവ പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ ആരോഗ്യ വിഭാഗം നശിപ്പിക്കുകയും ചെയ്തു.

പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.