രക്തകലുഷിതമായി മ്യാൻമർ: 38 പ്രക്ഷോഭകരെ വെടിവച്ചു കൊന്നു

1

മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്നും വിവരം.

പ്രക്ഷോഭകരുടെ സമീപം നിന്ന് വേണ്ടത്ര മുന്നറിയിപ്പില്ലാതെ വെടിവയ്ക്കുകയും പ്രക്ഷോഭകരെ അതിക്രൂരമായി മർദിച്ച് ആട്ടിയോടിക്കുകയുമാണു സേനയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആംബുലൻസ് ജീവനക്കാരെ പോലും മർദിക്കുന്നതിന്‍റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയടക്കം ലോകരാജ്യങ്ങൾ ഇതിനെതിരേ രംഗത്തെത്തി.

രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം ശക്തമായത്. ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് ഓങ് സാങ് സൂ കിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചത്. അതിനു പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ അമ്പതിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മ്യാൻമറിനായുള്ള യുഎൻ പ്രത്യേക പ്രതിനിധി ക്രിസ്റ്റീനെ ഷ്റാനർ ബർഗനെർ യുഎൻ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഏറ്റവും കൂടുതൽ പേരെ സേന വധിച്ച ദിവസമാണ് ബുധനാഴ്ചയെന്നും അവർ.

രാജ്യത്തിന്‍റെ നഗരവീഥികളിലെല്ലാം പ്രക്ഷോഭകർ നിറയുകയാണ്. തുടർച്ചയായി കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിക്കുന്നുണ്ട് സേന. ഇതിനൊപ്പം ചില അവസരങ്ങളിൽ വെടിവയ്പ്പും നടത്തുന്നു. വലിയ കൂട്ടങ്ങളായാണ് ജനങ്ങളെ അറസ്റ്റു ചെയ്യുന്നത്. സ്വതന്ത്ര ടെലിവിഷൻ- ഓൺലൈൻ ന്യൂസ് സർവീസ് “ഡെമൊക്രറ്റിക് വോയ്സ് ഒഫ് ബർമ’ ബുധനാഴ്ച 38 പ്രക്ഷോഭകരുടെ മരണം സ്ഥിരീകരിക്കുന്നുണ്ട്. യാങ്കൂണിലുള്ള ഒരു ഡാറ്റാ അനലിസ്റ്റ് 34 മരിച്ച 34 പേരുടെ വിവരങ്ങൾ ശേഖരിച്ചു. യാങ്കൂണിൽ മാത്രം 18 പ്രക്ഷോഭകർ മരിച്ചെന്നാണ് അനലിസ്റ്റ് അവകാശപ്പെടുന്നത്. സെൻട്രൽ നഗരമായ മൊണിവയിൽ എട്ടു പേർ വെടിയേറ്റു മരിച്ചിട്ടുണ്ട്. മണ്ടാലേ നഗരത്തിൽ മൂന്നു മരണവും റിപ്പോർട്ട് ചെയ്യുന്നു.