ബ്രസീലിൽ വിമാനം തകർന്നുവീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു

1

ബ്രസീലിൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയതാണ് ഇവർ. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റും മരണപ്പെട്ടു.

പൽമാസ് നഗരത്തിനു സമീപമുള്ള ടൊക്കൻഡിനസ് എയർഫീൽഡിലാണ് അലപകടം നടന്നത്. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. നിലത്തുവീണ് കത്തിയമർന്ന വിമാനത്തിലെ പൈലറ്റും താരങ്ങളും ഉൾപ്പെടെ എല്ലാവരും തത്ക്ഷണം മരിച്ചു. വിലനോവക്കെതിരായ കോപ വെർഡെ മത്സരത്തിൽ പങ്കെടുക്കാനായാണ് താരങ്ങൾ വിമാനത്തിൽ പുറപ്പെട്ടത്. പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്.

ടീമിലെ മറ്റു താരങ്ങൾ നേരത്തെ മറ്റൊരു വിമാനത്തിൽ മത്സര സ്ഥലത്ത് എത്തിയിരുന്നു. മരണപ്പെട്ട താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായതിനാൽ പ്രത്യേക വിമാനത്തിൽ കൊണ്ടുപോകാനായിരുന്നു തീരുമാനം. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞതിനു പിറ്റേ ദിവസം ആയതിനാലാണ് ഇവർക്കു വേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. ഈ വിമാനമാണ് അപകടത്തിൽ പെട്ടത്.