ശ്രീജിത്തിനെതിരെ നിയമനടപടി സ്വീകരിക്കും സായി ശ്വേത; ആരോപണത്തില്‍ മറുപടിയുമായി ശ്രീജിത്ത് പെരുമന

0

കോഴിക്കോട്∙ സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സായി ശ്വേത. എന്നാൽ സായി ശ്വേതയുടെ ആരോപണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി.

മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ ഓണ്‍ലൈന്‍ ക്ലാസിലൂടെ വൈറലായ ടീച്ചറാണ് സായി ശ്വേത. എന്നാല്‍ സിനിമ ഓഫറുമായി സായി ശ്വേതയെ സമീപിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന്‌ ശ്രീജിത്ത് പെരുമാന വ്യക്തമാക്കി.

സംഭവത്തില്‍ തനിക്കെതിരേ പരാതി നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് അപമാനകരമായി തോന്നിയ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. സിനിമ ഓഫര്‍ നല്‍കി വിളിച്ച തനിക്ക് അവരുടെ മീഡിയ മാനേജറില്‍ നിന്നുള്‍പ്പെടെ വളരെ അപക്വമായ അനുഭവമാണുണ്ടായതെന്നും ശ്രീജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സായി ശ്വേത ഇതിനകം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബഹ്റയ്ക്കും പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പുറമേ വിവിധ സിനിമാ സംഘടനകള്‍ക്കും സായി ശ്വേത പരാതി നല്‍കിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.