നാല് വർഷത്തോളമായി പാന്റിന് പകരം പാവാട; വസ്ത്രങ്ങൾക്ക് ലിംഗവ്യത്യാസം വേണ്ടെന്ന ആശയവുമായി മാർക്ക്

0

വസ്ത്രങ്ങളിൽ പലവിധ ഫേഷനുകൾ അനുദിനം വന്നുകൊണ്ടിരിക്കയാണ്. ആണിനും പെണ്ണിനും ഒരുപോലെ ധരിക്കാവുന്ന ‘യുണിസെക്‌സ്’ ഫാഷനുകളിലുള്ളവ വന്നിട്ട് നാളുകളേറെയായി. പാന്റ്, ഷർട്ട് എന്നിവയാണ് ‘യുണിസെക്‌സ്’വിഭാഗത്തിൽ പെടുന്നവ.

എന്നാൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ഒന്നുകിൽ സ്ത്രീകൾ, അല്ലെങ്കിൽ സ്ത്രീയായി മാറുന്ന ട്രാൻസ്‌ജെൻഡറുകൾ എന്നിവർ മാത്രമേ ധരിക്കുകയുള്ളു. എന്നാൽ ജർമനിയിൽ മാർക്ക് ബ്രയാൻ കഴിഞ്ഞ നാല് വർഷമായി പാന്റിന് പകരം ധരിക്കുന്നത് പാവാടയാണ്.

മാർക്ക് ട്രാൻസ്‌ജെൻഡറല്ല, ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഒരു കുടുബസ്ഥനാണ്. വസ്ത്രത്തിന് ലിംഗവ്യത്യാസത്തിന്റെ ആവശ്യമില്ല എന്ന ആശയമാണ് തന്റെ പ്രവൃത്തിയിലൂടെ ഈ 61 കാരൻ മുന്നോട്ട് വയ്ക്കുന്നത്.ജർമനിയിൽ റോബോട്ടിക്‌സ് എഞ്ചിനിയറായ അമേരിക്കൻ സ്വദേശിയാണ് മാർക്ക് ബ്രയാൻ. ഫോർമൽ ഷർട്ടും, സ്‌കർട്ടുമാകും ജോലിക്ക് പോകുമ്പോഴുള്ള മാർക്കിന്റെ വേഷം. ഹൈ ഹീൽസ് ധരിക്കുന്നത് അത്ര സുഖകരമല്ലെന്നും എന്നാൽ താൻ അതിഷ്ടപ്പെടുന്നു എന്നുമാണ് മാർക്ക് പറയുന്നത്.

വസ്ത്രത്തിന് ലിംഗവ്യത്യാസത്തിന്റെ ആവശ്യമില്ല എന്ന ആശയം പ്രചരിപ്പിക്കാനാണ് ഇത്തരത്തിൽ ഇദ്ദേഹം വസ്ത്രം ധരിക്കുന്നത്. വസ്ത്രങ്ങളിലെ ലിംഗവ്യത്യാസം ഇല്ലാതാക്കി ഇത്തരം വേഷങ്ങൾ ആളുകൾക്ക് സുപരിചിതമാക്കാൻ മാർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടിലൂടെ എല്ലാദിവസും തന്റെ ചിത്രങ്ങൾ മാർക്ക് പങ്കുവെക്കാറുമുണ്ട്.

മാർകിന്റെ ഭാര്യയ്ക്കും മക്കൾക്കും അദ്ദേഹത്തിന്റെ വസ്ത്രധാരണത്തോട് എതിർപ്പൊന്നുമില്ല. അവർ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. എന്നാൽ ഈ വേഷം കണ്ട് പുറമെനിന്നുള്ള പലരും മാർക്കിനോട് അദ്ദേഹത്തിന്റെ ലൈംഗിക വ്യക്തിത്വത്തെ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ അത് മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല എന്ന ഒറ്റ വാചകത്തിൽ മാർക്ക് തന്റെ മറുപടി ഒതുക്കും. താൻ ഒരു പാന്റ് ധരിച്ചിരുന്നുവെങ്കിൽ ഈ ചോദ്യം നേരിടേണ്ടി വരുമോ എന്നാണ് മാർകിന്റെ പക്ഷം.