കോവിഡ് വാക്‌സിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നല്‍കും

0

യുണൈറ്റഡ് നേഷന്‍സ്: കൊറോണ വൈറസ് വാക്‌സിനിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നല്‍കും. പ്രതിരോധ വാക്‌സിനിന്റെ പ്രാഥമികഘട്ടവിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതവും ത്വരിതവും നിഷ്പക്ഷവുമായി നടപ്പിലാക്കാനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുതിരിക്കുന്നത്.

എല്ലാ രാജ്യങ്ങൾക്കും പ്രാഥമിക ഡോസുകൾ ലഭ്യമാകുമ്പോൾ അവയ്ക്ക് സുരക്ഷിതവും വേഗതയേറിയതും തുല്യവുമായ ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കുമെന്നും യുണിസെഫ് വ്യക്തമാക്കി. വിതരണത്തിനായി വിവിധ പ്രതിരോധ വാക്‌സിനുകളുടെ 200 കോടിയിലധികം ഡോസുകളാണ് യൂണിസെഫ് നിലവില്‍ വാങ്ങുന്നത്. 80 സമ്പന്ന രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തിലും ഇടനിലക്കാരനായി യൂണിസെഫ് പ്രവര്‍ത്തിക്കും. വാക്‌സിന്‍ സൗകര്യമൊരുക്കാനുള്ള സാമ്പത്തിക പിന്തുണ ഈ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 170 ഓളം രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിതരണപ്രവര്‍ത്തനം യൂണിസെഫിന്റെ ഉത്തരവാദിത്തത്തിലുള്ള ഏറ്റവും വലുതും വേഗതയേറിയതുമായ പ്രവര്‍ത്തനമായിരിക്കും.

വിവിധ രാജ്യങ്ങളില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫലപ്രദമായ കോവിഡ് വാക്‌സിനുകള്‍ ശേഖരിച്ച് 92 ഓളം രാജ്യങ്ങളില്‍ വിതരണം നടത്താനാണ് യൂണിസെഫ് ലക്ഷ്യമിടുന്നത്.ലോകാരോഗ്യസംഘടന(WHO), ലോക ബാങ്ക്, ഗവി ദ വാക്‌സിന്‍ അലയന്‍സ്, കോഅലിഷന്‍ ഫോര്‍ പ്രിപയേഡ്‌നെസ് ഇന്നൊവോഷന്‍സ്(CPEI), ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കൂടാതെ മറ്റ് ചില സ്ഥാപനങ്ങളും യൂണിസെഫിന്റെ കോവാക്‌സ് വിതരണപദ്ധതിയില്‍ പങ്കാളിത്തം വഹിക്കും. ഭാവിയില്‍ ഒരു രാജ്യത്തിലും കോവിഡ് വാക്‌സിന്‍ ലഭ്യതക്കുറവനുഭവപ്പെടരുതെന്നാണ് പദ്ധതിയുടെ ലക്ഷ്യം.

സെപ്റ്റംബര്‍ 18 ഓടെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുനല്‍കുന്നതിനായി സ്വാശ്രയ സമ്പദ്ഘടനകളുമായി കരാര്‍ ഒപ്പുവെക്കുമെന്നും യൂണിസെഫ് വ്യക്തമാക്കി. അടുത്ത ഒന്ന് രണ്ട് കൊല്ലങ്ങളിലേക്കുള്ള വാക്‌സിന്‍ ഉത്പാദനത്തിനാവശ്യമായ മൂലധനനിക്ഷേപം ഉറപ്പാക്കിയിട്ടുണ്ടെന്നും യൂണിസെഫ് അറിയിച്ചു.