കേരളം പ്രണയ ഹത്യകളുടെ സ്വന്തം നാടായിമാറായിത്തീരുന്നുവോ? കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെൻറൽ കോളജ് വിദ്യാർത്ഥിനിയായ ഇരുപത്തിനാലുകാരിയായ മാനസ എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. യുവതിയുമായി പ്രണയത്തിലായിരുന്ന രാഖിൽ എന്ന യുവാവാണ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പത്ത് പെൺകുട്ടികളാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടതെന്നറിയുമ്പോൾ പ്രബുദ്ധ കേരളം ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. നമ്മുടെ യുവത്വത്തിന് എന്ത് പറ്റിയെന്ന്.

പ്രണയം യുവത്വത്തിന് സ്വപ്നങ്ങളും വർണ്ണങ്ങളും നൽകിയതായിരുന്നു നമ്മുടെ സംസ്കാരവും, രീതിയും. പ്രണയം നമ്മുടെ സാഹിത്യത്തെയും സിനിമയെയും വളരെയധികം സ്വാധീനിച്ചിരുന്ന ലോല വികാരം തന്നെയായിരുന്നു. രമണനും ചന്ദ്രികയും, കറുത്തമ്മയും കൊച്ചുമുതലാളിയും, മജീദും സുഹറയുമെല്ലാം മലയാളിയുടെ മനസ്സിലെ മായാത്ത സാന്നിദ്ധ്യങ്ങൾ തന്നെയായിരുന്നു. ഇന്നലെ ഹൃദയ സരസ്സിലെ പ്രണയ പുഷ്പങ്ങൾ ആയിരുന്ന കമിതാക്കൾ ഇന്ന് ഗാഡ്ജറ്റ് ഗാർഡനിലെ ഗന്ധമില്ലാ പൂക്കൾ മാത്രം’ ഒരു പൂ വിരിയുന്നത് പോലെ ‘ ഇല പൊഴിയുന്നത് പോലെ സ്വാഭാവികമായുണ്ടാകേണ്ട വികാരങ്ങൾ തികച്ചും യാന്ത്രികമായി തീരുന്നതിൻ്റെ പരിണതി തന്നെ’.

ഫേസ്ബുക്ക് ചാറ്റിലുടെയും, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും ഉരുത്തിരിയുന്ന ബന്ധങ്ങൾ അതേ വേഗതയിൽ അസ്തമിച്ചു പോകുന്ന നിരർത്ഥകതയായിത്തീരുന്നു വർത്തമാന പ്രണയങ്ങൾ. വേഗതയുടെ വർത്തമാനകാലത്ത് ആർക്കും ആരെയും കാത്തിരിക്കാൻ നേരമില്ല. വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയും വിശ്വാസവും നഷ്ടമായിരിക്കുന്നു ‘ പ്രണയനൈരാശ്യം ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങൾ ഒട്ടനവധിയാണ്. പ്രണയത്തിൻ്റെ പാരമ്യം കമിതാക്കൾ ഒന്നിച്ച് ജീവനൊടുക്കിയ സംഭവങ്ങൾ നിരവധിയാണ്. എന്നാൽ പ്രണയം കൊലപാതകത്തിലേക്ക് വഴിതെളിയിക്കുന്ന സംഭവം സമീപകാല പ്രവണതയായി കാണേണ്ടിയിരിക്കുന്നു.

കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഈ പ്രണയഹത്യകൾ വ്യാപകമായിത്തീർന്നിരിക്കുന്നു. വലിയ നഗരങ്ങളിൽ അധോലോക നായകന്മാർ ചെയ്യുന്ന കൊലപാതക രീതിയാണ് മാനസയുടെ കൊലപാതകത്തിന്നായി സ്വീകരിച്ചിരുന്നത് എന്നത് ഇതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പിസ്റ്റൾ ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ പ്രണയഹത്യയാണ് മാനസയുടെത്. പ്രണയ ഘാതകർ എന്ന പുതിയ സംജ്ഞ മലയാളത്തിന് സംഭാവന ചെയ്യാൻ ഈ സംഭവങ്ങൾക്കായിട്ടുണ്ട്. പ്രണയം മനോരോഗമല്ലെന്ന് യുവത്വം തിരിച്ചറിയേണ്ടതുണ്ട്. മാനസിക ആരോഗ്യം പകർന്ന് നൽകാനുള്ള കൗൺസലിങ്ങ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.