പുടിൻ വിമർശകൻ അലക്‌സി നവല്‍നിയുടെ മരണം ഏത് നിമിഷവും സംഭവിക്കാമെന്ന്‌ ഡോക്ടര്‍മാര്‍

1

മോസ്‌കോ: ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവല്‍നിയുടെ ജീവന്‍ ഏത് നിമിഷവും നഷ്ടപ്പെടാമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ നിരാഹാരം തുടരുന്ന അലക്‌സിയ്ക്ക് ഏത് നിമിഷവും ഹൃദയാഘാതം സംഭവിക്കാമെന്നും ജീവന്‍ അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

നവാല്‍നിക്ക് എത്രയും പെട്ടെന്ന് കൃത്യമായ ചികിത്സ ഉറപ്പ് വരുതണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തിടെ നടന്ന രക്തപരിശോധനാഫലം കാണിക്കുന്നത് ഏത് നേരം വേണമെങ്കിലും നവാല്‍നിക്ക് ഹൃദയ സ്‍തംഭനമോ, വൃക്ക തകരാറോ ഉണ്ടാകാം എന്നാണ്.

മാര്‍ച്ച് 31നാണ് അലക്‌സി നവല്‍നി (44) ജയിലില്‍ നിരാഹാര സമരം ആരംഭിച്ചത്. പുറം വേദനയ്ക്കും കൈ കാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പിനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്.

നവാല്‍നിയുടെ ഡോക്ടര്‍ അനസ്താഷ്യ വാസില്‍യേവ, കാര്‍ഡിയോളജിസ്റ്റ് യാരോസ്ലേവ് ആഷിക്മിന്‍ എന്നിവരുള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം തങ്ങള്‍ക്ക് ഉടനെ ജയിലില്‍ അലക്‌സിയെ പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്ന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

സൈബീരിയയിലേക്ക് പോകുന്നതിനിടെ നവാൽനിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. വിമാനത്തില്‍ വെച്ച് കുഴഞ്ഞുവീണ അലക്‌സി കോമയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.