ഈ തൊഴുത്തില്‍ കിടക്കാന്‍ പെണ്ണേ നീയെന്തു തെറ്റ് ചെയ്തു…..

0

ചൗപടി ആചാരത്തിന്റെ ഭാഗമായി പശു തൊഴുത്തില്‍ കിടക്കേണ്ടി വന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നാം വായിച്ചു മറന്നത്. നേപ്പാളില്‍ ആണ് സംഭവം. ‘ചൗപടി’ എന്താണെന്ന് നമ്മള്‍ ചിലപ്പോള്‍ കേട്ടുകാണില്ല. പക്ഷെ ഈ ദുരാചാരം നമ്മുടെ നാട്ടിലും എവിടെയൊക്കെയോ ഇന്നുമുണ്ട്.. അതിനു ഇത്ര ഭീകരമായ അവസ്ഥാന്തരം വന്നിട്ടില്ല എന്ന് മാത്രം.

നേപ്പാളില്‍ ഒരു വിഭാഗം ഇന്നും തുടരുന്ന ഒരു മത ദുരാചാരമാണ് ചൗപടി. ആര്‍ത്തവ സമയത്ത്ആചാരത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ വീടിന് പുറത്ത് പശു തൊഴുത്തിലാണ് കിടക്കേണ്ടത്. ഏഴു ദിവസം വരെ ഇവരെ വീടിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല. ഇത്തരത്തില്‍ പുറത്ത് കിടക്കവെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഈ ദുരാചാരത്തിന്റെ ഇരയായ കുട്ടിയുടെ പ്രായം വെറും 17. പേര് തുളസി.Image result for teenager-snakebite-menstruation-hut-chhaupadi-dangerous-tradition

ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു പുറത്തു കഴിഞ്ഞ അവള്‍ക്കു പാമ്പ്കടിയെറ്റിട്ടും വീട്ടുകാര്‍ അറിയുന്നത് വളരെ വൈകിയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ ജീവന്‍ പോയി. ഏകദേശം ഏഴ് മണിക്കൂറോളം തുളസി ജീവൻ മരണ പോരാട്ടത്തിലായിരുന്നു. തക്ക സമയത്ത് ചികത്സ കിട്ടാത്തതാണ് തുളസിയുടെ മരണ കാരണം. പാമ്പ് കടിയേറ്റ തുളസിയെ വീട്ടുകാര്‍ ആശുപത്രിയിൽ കൊണ്ടുപോകാതെ പ്രഥമ ശുശ്രൂഷ മാത്രമാണ് നൽകിയത്.ഇത് നേപ്പാളിലെ ആദ്യ സംഭവം അല്ല. ചൗപടിയുടെ പേരില്‍ ജീവന്‍ വെടിഞ്ഞവര്‍ നിരവധിയാണ്.  ഇതേ തുടര്‍ന്ന് ചൗപടി എന്ന ദുരാചാരം അവസാനിപ്പിക്കണമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ ആവശ്യപ്പെട്ടിരുന്നു.എന്നിട്ടും ഇന്നും നേപ്പാളിൽ വലിയൊരു വിഭാഗം ഈ ആചാരത്തെ പിന്തുടരുന്നു എന്നതാണ് വാസ്തവം. ആർത്തവത്തിന്റെ പേരിലുള്ള ദുരാചാരങ്ങൾ പല രൂപത്തിലും ഭാവത്തിലും ലോകമൊട്ടുക്കും നടക്കുന്നുവെന്നതാണ് ചൗപടി കവർന്ന ജീവനുകൾ തെളിയിക്കുന്നത്.

സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസത്തെ അനാചാരത്തിന്റെ പേരില്‍ ദുര്‍വ്യാഖ്യാനിക്കപെടുകയാണ് ഇവിടെ, നേപ്പാളില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമില്ലേ ഇതിന്റെ മറ്റൊരു പതിപ്പ്. ആര്‍ത്തവമായാല്‍ സ്ത്രീ അശുദ്ധി തട്ടിയവള്‍. സ്വന്തം ഗര്‍ഭപാത്രത്തില്‍ സംഭവിക്കുന്ന ഒരു പ്രക്രിയയ്ക്ക് സ്വന്തം മുഖവും ശരീരവും മറച്ചു കഴിയാന്‍ എന്ത് തെറ്റാണ് ഒരു സ്ത്രീ ചെയ്യുന്നത്. ജീവനും അഭിമാനവും കവരുന്ന ദുരാചാരങ്ങള്‍ എന്നല്ലാതെ ഇവയ്ക്കു മറ്റെന്തു പേര് വിളിക്കാം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.