ഇന്ത്യക്കു പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിക്കും

1

ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക് മൊബൈൽ ആപ് നിരോധിക്കാൻ തീരുമാനിച്ചു. ടിക് ടോക് ഏറ്റെടുക്കാൻ മൈമൈക്രോസോഫ്റ്റ് തയാറെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരം പുറത്തെത്തുന്നത്.

ഇതു സംബന്ധിച്ച ഉത്തരവിൽ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഉടലെടുത്ത യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ മുറുകുന്നതിനിടയിലാണ് പോംപിയോയുടെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.

ചൈനീസ്‌ ആപ്പായ ടിക് ടോകിന്റെ യുഎസിലെ ഉടമകളായ ബൈറ്റ് ഡാൻസ് കമ്പനിക്കും കനത്ത തിരിച്ചടിയാണു നീക്കം. ടിക് ടോക് അടക്കമുള്ള നൂറിലധികം ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ ഒരു മാസത്തിനിടെ നിരോധിച്ചിട്ടുണ്ട്.