കർഷക സമരം – മെഴുക് തിരി ജ്വാലയുമായ് ആം ആദ്മി

0

രാജ്യത്തിന് അന്നം നൽകുന്ന കർഷകർ സമര മുഖത്തെത്തിയിട്ട് ഒരു വർഷം തികയാൻ പോകുകയാണ്. കർഷകരുടെ നട്ടെല്ലൊടിക്കാൻ കാരണമായിത്തീരുന്ന നിയമങ്ങൾ ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ചത് 2020 സപ്തംബർ 17ന് ആയിരുന്നു. ഇന്ന് വീണ്ടുമൊരു സപ്തംബർ 17 വന്നെത്തുമ്പോൾ കർഷകർ കരിദിനം ആചരിക്കുകയാണ്.

കർഷകരുടെ രോദനങ്ങൾ ഇന്ദ്രപ്രസ്ഥത്തിലെ ബധിര കർണ്ണങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത്. ആന്ധ്യം ബാധിച്ച അവരുടെ കണ്ണുകളിൽ വെളിച്ചം പരത്താൻ ഇന്ന് ആം ആദ്മി പാർട്ടി മെഴുകു തിരി ജ്വാലകളുമായി മാർച്ച് ചെയ്യുകയാണ്. ഈ ദീർഘസമരത്തിൽ അനവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഭരണകൂടത്തിൻ്റെ മർദ്ദനങ്ങൾക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവരുടെ ആത്മവിശ്വാസത്തെ തകർക്കാൻ ഇതിനൊന്നും കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് സമരമുഖത്തുള്ള കാഴ്ചകൾ നമ്മോട് പറയുന്നത്.

സമരമുഖത്തുള്ള അന്നദാതാക്കളോടുള്ള കേന്ദ്ര സർക്കാറിൻ്റെ സമീപനത്തിൽ മാറ്റം വരുത്തുകയും സമരം അവസാനിപ്പിക്കാനുള്ള പോംവഴി കണ്ടെത്താനും സർക്കാർ ഇനിയെങ്കിലും മുന്നോട്ട് വന്നില്ലെങ്കിൽ രാഷ്ട്രം അഭിമുഖീകരിക്കേണ്ടത് വലിയ പ്രതിസന്ധി തന്നെയായിരിക്കും. മണ്ണിൽ പൊന്നുവിളയിക്കുന്നവരുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നത് ജനാധിപത്യ ഭരണാധികാരികൾക്ക് ഭൂഷണമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. തെരവുകളിൽ പട്ടിണിക്കിട്ട് പരാജയപ്പെടുത്തേണ്ട വിഭാഗമല്ല നമ്മുടെ കർഷകരെന്ന് ഒരു കാർഷിക രാജ്യത്തിൻ്റെ ഭരണാധികാരികളെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ല തിരിച്ചറിവാണ് പ്രധാനം.