‘ദിവസം 10-12 പുരുഷന്മാരോടൊപ്പം കിടക്കേണ്ടിവന്നു’: സ്വകാര്യഭാഗങ്ങളില്‍ മെഴുക് ഉരുക്കിയൊഴിച്ചു; യുവതിയുടെ കുറിപ്പ്

0

വളരെ ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക തൊഴിലാളിയാകേണ്ടിവന്ന ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. പത്താം വയസിൽ അച്ഛനെ നഷ്ടപ്പെടുകയും തുടർന്നുണ്ടായ ജീവിതാനുഭവങ്ങളുമാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്.

“പത്തുവയസുള്ളപ്പോൾ അച്ഛനെ നഷ്ടമായി. രോഗിയായി അമ്മയുടെയും കുഞ്ഞനുജത്തിയുടെയും ഭാരം ചുമലിൽ ആയതോടെ പഠനം ഉപേക്ഷിച്ചു. കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന ഫാക്ടറിക്ക് പൂട്ടുവീണതോടെ ജീവിതം ഇരുട്ടിലായി. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട കകോലി ബിശ്വാസ് എന്ന സ്ത്രീ ഹാൽദിയയിൽ ജോലി വാഗ്ദാനം ചെയ്തതോടെ ജീവിതം വീണ്ടും തിരിച്ചു കിട്ടുന്നതായി എനിക്കു തോന്നി.

സ്നേഹപൂർവ്വം അവർ വാങ്ങി തന്ന ചായയും കേക്കും കഴിക്കാൻ എനിക്കു തെല്ലും ശങ്ക തോന്നിയതുമില്ല. ചായയും കേക്കും കഴിച്ചതോടെ ഞാൻ ബോധരഹിതയായി. കണ്ണ് തുറക്കുമ്പോൾ ഞാൻ പുനെയിലാണ്. നിങ്ങളെ അവർ ബഡി ദീദിക്ക് വിറ്റുവെന്നു അവിടെയുണ്ടായിരുന്നവരാണ് എനിക്ക് പറഞ്ഞു തന്നത്. എന്നെ കൂടാതെ 30 പെൺകുട്ടികളും അവിടെ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് രൂപം ഉണ്ടായിരുന്നില്ല. ഞാൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ അവിടെ വരുന്ന പുരുഷൻമാരോടോപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബഡി ദീദി എന്നെ നിർബന്ധിച്ചു.

പ്രതിരോധിക്കാനുള്ള ഓരോ ശ്രമവും ശരീരത്തിൽ വടുക്കളായും ആഴമുള്ള മുറിവുകളായും മാറി കൊണ്ടിരുന്നു. അവരെന്നെ ഇരുമ്പുവടി കൊണ്ട് പൊതിരെ തല്ലി. എന്റെ സ്വകാര്യഭാഗങ്ങളിൽ ചൂടുള്ള മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കൽ അവർ എന്നെ തള്ളിയിട്ടു, ഉയരത്തിൽ നിന്ന് വീണു എന്റെ പല്ലുകൾ നഷ്ടപ്പെട്ടു. ഞാൻ എന്റെ ശരീരം വിൽക്കാൻ തയാറാകുന്നതു വരെ രണ്ട് മാസത്തോളം ക്രൂര പീഡനം തുടർന്നു.

പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അവർക്കു വഴങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു. 10-12 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വന്നു. എന്റെ ശരീരം വല്ലാതെ വേദനിച്ചു. രാത്രി മുഴുവൻ ഞാൻ അമ്മയെക്കുറിച്ച് ഓർത്ത് കരഞ്ഞു. രക്ഷപ്പെടാൻ പല ശ്രമങ്ങളും ഞാൻ നടത്തി. പ്രധാന വാതിലിൽ കാവൽ ഉണ്ടായതിനാൽ പലതും പരാജയപ്പെട്ടു. എന്റെ അടുക്കൽ വന്നയാളിന്റെ ഫോൺ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ച് രക്ഷപ്പെടാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെ മൊബൈൽ ഫോണിനും നിരോധനം വന്നു.

16 വയസ് മാത്രം പ്രായമുള്ളപ്പോൾ ആർത്തവം ഒഴിവാക്കാൻ അവർ മരുന്നുകൾ തന്നുതുടങ്ങി. ഇതോടെ രക്തസ്രാവവും വേദനയും കൊണ്ട് ഞാനെറെ കഷ്ടപ്പെട്ടു. ആ അവസ്ഥയിലും പുരുഷന്മാർക്കൊപ്പം ഉറങ്ങുന്നതിൽ നിന്ന് അവരെന്നെ ഒഴിവാക്കിയില്ല– പെൺകുട്ടി കണ്ണീരോടെ പറയുന്നു.