വീണ്ടും ഭീഷണിയുമായി കിം: ആണവ പദ്ധതി തുടരും; പുതിയ ആയുധം ഉടന്‍ ലോകത്തെ കാണിക്കും

0

ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ‍. ഉടന്‍ തന്നെ ഒരു പുതിയ തന്ത്രപ്രധാനമായ ആയുധം അവതരിപ്പിക്കുമെന്നും കിം ജോങ് ഉൻ പറഞ്ഞു. ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം.

ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നതിന്‌ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളോട് അമേരിക്ക പ്രതികരിക്കാത്തതിനാല്‍ ശനിയാഴ്ച മുതല്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയുടെ നാല് ദിവസത്തെ യോഗം കിം വിളിച്ചു. അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ യോഗം ചേരാറുള്ളത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തെങ്കിലും ചര്‍ച്ചള്‍ക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്‌. അമേരിക്കയുടെ പ്രതികരണത്തിന് അനുസൃതമായിട്ടായിരിക്കും ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍.