“മൊബൈല്‍ ഫോണ്‍ തൊടാന്‍ പോലും എനിക്ക് ഇപ്പോള്‍ ഭയമാണ്” സാമന്താ അക്കിനേനി

0

വിവാഹ ശേഷം രണ്ട് ചിത്രങ്ങള്‍ മൂന്ന് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിന്റെ ആഹ്ലാദത്തിലാണ് സാമന്താ അക്കിനേനി. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തിയും നായികാനായകന്മാരാകുന്ന മഹാനടിയില്‍ സാമന്തയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്റര്‍നെറ്റ് ചതിക്കുഴികളുടെ കഥ പറയുന്ന ഇരുമ്പുത്തിറൈയാണ് സാമന്ത ഏറെ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു ചിത്രം. ഇരുമ്പുത്തിറൈയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സാമന്ത മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍…

ഇരുമ്പുത്തിറൈയെക്കുറിച്ച്

ഇരുമ്പുത്തിറൈയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഏറെ ആകാംക്ഷ തോന്നിയിരുന്നു. നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ നാം അറിയാതെ ഇത്രയും പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് വഴി നമുക്കു ചുറ്റും സംഭവിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എനിക്ക് ഭയം തോന്നി. ചിത്രത്തിന്റെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ തൊടാന്‍ പോലും എനിക്ക് ഭയം തോന്നി. ഇന്റര്‍നെറ്റ് നമ്മെ എപ്രകാരം അകപ്പെടുത്തും എന്നതിന് വ്യക്തമായ ഒരു ചിത്രം സിനിമ നല്‍കുന്നുണ്ട്. നമ്മുടെ സ്വകാര്യത എങ്ങനെയാണ് മറ്റുള്ളവരുടെ കൈകളില്‍ എത്തിപ്പെടുന്നതെന്നും ഈ ചിത്രം നമുക്ക് കാട്ടിത്തരും.

പുതിയ സംവിധായകനോടുത്തുള്ള അനുഭവം

എനിക്ക് പുതിയ സംവിധായകരോടൊത്ത് പ്രവര്‍ത്തിക്കാന്‍ ഒരു വൈമുഖ്യം ഇല്ലാതിരുന്നില്ല. പക്ഷേ സംവിധായകന്‍ മിത്രന്‍ എന്നില്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കിയതേയില്ല. അദ്ദേഹം കഥ പറയുമ്പോള്‍ തന്നെ ഒരു കഴിവുറ്റ സംവിധായകനോടൊപ്പമാണ്  അഭിനയിക്കാന്‍ പോകുന്നതെന്ന് തോന്നി. അദ്ദേഹം കഥ പറഞ്ഞതു പോലെ തന്നെ ചിത്രവും ഗംഭീരമായി.

ജീവിതത്തില്‍ ഇതു പോലുള്ള അനുഭവങ്ങള്‍

ഈ ചിത്രത്തില്‍ കാണുന്നതു പോലുള്ള സംഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ നടന്നിട്ടില്ല. അതിന് ദൈവത്തിന് നന്ദി. പക്ഷേ എന്റെ സൗഹൃദവലയത്തിലുള്ള ചിലര്‍ ഇന്റര്‍നെറ്റിന്റെ ചതിക്കുഴിയില്‍ വീണുപോയിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നൊക്കെയുള്ള പരസ്യങ്ങള്‍ക്ക് മറുപടി നല്‍കി നിരവധി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്.

ചിത്രം നല്‍കുന്ന സന്ദേശം

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെയുള്ള സമൂഹ മാധ്യമങ്ങള്‍ എങ്ങും വ്യാപിച്ചു നില്‍ക്കുകയാണ്. ഇവയ്ക്ക് നമ്മള്‍ അടിമകളാകുന്നതാണ് നാം ചെയ്യുന്ന തെറ്റ്. അത് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണം. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ എപ്രകാരം കൃത്യമായി ഉപയോഗപ്പെടുത്തണം എന്നതിന് ഒരു വഴികാട്ടിയാകും പ്രേക്ഷകര്‍ക്ക് ഇരുമ്പുത്തിറൈ.

നായകന്മാരെക്കുറിച്ച്

വിശാലും അര്‍ജുനുമെല്ലാം അവരവരുടെ സ്‌റ്റൈലില്‍ ഹോട്ടസ്റ്റ് നയകന്മാരാണ്. ഇവരോടൊപ്പം അഭിനയിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു.