സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രം സുപ്രീം കോടതിയിൽ

0

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജവാർത്ത, പോർണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു അറ്റോർണി ജനറൽ ഈ വാദമുന്നയിച്ചത്. കേസിൽ തമിഴ്നാട് സർക്കാരിന് വേണ്ടിയാണ് കെ കെ വേണുഗോപാൽ ഹാജരായത്.

അതെസമയം സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാനുള്ള നീക്കമാണിതെന്ന് ഫേസ്ബുക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു. വ്യക്തികളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, നിലവില്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും സമൂഹമാധ്യമങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.