ഈ യാത്രയിൽ ഞാനുമുണ്ട്; ധോണിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും

0

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനം.

‘നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് ന ന്ദി, ജയ് ഹിന്ദ്’, എന്നായിരുന്നു റെയ്നയുടെ ഇന്‍സ്റ്റഗ്രാം സന്ദേശം.

ധോണിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുപ്പത്തിമൂന്നുകാരനായ റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം 2005ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്‌ക്കായി അരങ്ങേറിയ റെയ്ന, 2018ലാണ് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്.

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് റെയ്‌ന. അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ധോനിയും റെയ്നയും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെയ്‌ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011-ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്നിങ്‌സ് റെയ്‌നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 18 ടെസ്റ്റുകളില്‍ നിന്നായി 768 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും നേടി.

226 ഏകദിനങ്ങളില്‍ നിന്നായി 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 36 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 78 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സാണ് റെയ്‌ന അടിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധസെഞ്ചുറിയും നേടിയിട്ടുണ്ട്.