വെള്ളപൊക്കം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്, കട്ടിലിൽ കിടക്കുന്ന കടുവയെ

0

ദിസ്പൂർ: അസമിലെ ഒരു വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട അമ്പരപ്പിലാണിപ്പോൾ നാട്ടുകാർ.ക്ഷണിക്കാതെ വീട്ടിലെത്തിയ ആ അതിഥിയെ കണ്ട ഞെട്ടലിൽ നിന്നും നാട്ടുകാരും വീട്ടുകാരും ഇതുവരെ മോചിതരായിട്ടിട്ടില്ല.

കാസിരംഗ നാഷണൽ പാർക്കിലെ ഒരു കടുവയാണ് ദേശീയ പാതയ്ക്ക് സമീപമുള്ള വീട്ടിലെത്തി കട്ടിലിൽ കയറി കിടന്നത്. അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കടുവ രക്ഷ തേടിയായിരിക്കും വീടിനുള്ളിൽ കയറിയതെന്നാണ് ആളുകളുടെ നിഗമനം.

വീട്ടിലെത്തിയ കടുവ നേരെ കയറിക്കിടന്നത് കിടക്കയിലും. കടുവ കിടക്കയിൽ വിശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇന്ത്യയുടെ വൈൽഡ്ലൈഫ് ട്രസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ ചിത്രങ്ങൾ ആദ്യം പുറത്ത് വന്നത്.

അസമിലെ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിലെ നിരവ‍ധി മൃഗങ്ങളാണ് ചത്തു പോയത്. ചിലതിനെ കാണാതെയും പോയി. കടുവയെ കണ്ട വീട്ടുടമസ്ഥൻ ഉടനെ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

കടുവയെ സുരക്ഷിതമായി തിരികെ നാഷണൽ പാർക്കിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ പാർക്കിന്‍റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. 30 വന്യ മൃഗങ്ങളാണ് ഈ ആഴ്ച ചത്തത്.