പെരുകുന്ന കോവിഡ് കുറയുന്ന വാക്സിൻ

0

കേരളത്തിൽ കോവിഡ് വ്യാപനം റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുകയാണ്. ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ പകുതിയിലേറെയും കേരളത്തിലാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല.
കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാന സർക്കാർ പരമാവധി പരിശ്രമങ്ങൾ നടത്തുന്നുണ്ട്. എങ്കിലും ചിലതെല്ലാം തുഗ്ലക്ക് പരിഷ്കാരങ്ങൾ ആയി മാറിത്തീരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം’ അടച്ചു പൂട്ടിയും അടിച്ചമർത്തിയും കോവിഡ് വ്യാപനം തടയാൻ കഴിയില്ല എന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ പ്രതിരോധം തന്നെയാണ് മുന്നിലുള്ള ഏക മാർഗ്ഗം.

അതിനുള്ള ഫലപ്രദമായ വഴി പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകുക എന്നത് തന്നെയാണ്. ഇന്ത്യ മൊത്തമായി പരിശോധിച്ചാൽ ഗുണകരമായ രീതിയിൽ വാക്സിനേഷൻ യജ്ഞം നടത്തിയ സംസ്ഥാനമാണ് കേരളം. ഒരു തുള്ളി വാക്സിൻ പോലും നഷ്ടപ്പെടുത്താതെ ഏറ്റവും വിപുലമായ തോതിൽ വാക്സിനേഷൻ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനിക്കാം. എന്നാൽ ഇതിന് ഒരു മറുപുറമുണ്ട്. വാക്സിൻ ലഭിക്കാതെ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ലക്ഷങ്ങൾ ഇനിയും ബാക്കിയുണ്ട്.

നമ്മുടെ ആരോഗ്യമന്ത്രി കരയുകയാണ്. സംസ്ഥാനത്ത് ഒരു തുള്ളി വാക്സിൻ പോലും സ്റ്റോക്കില്ലത്രേ! ഒരു സംസ്ഥാനത്തിന് ആവശ്യമായ അളവിൽ അത്യന്താപേക്ഷിതമായ അവസരത്തിൽ അത് എത്തിക്കാൻ കേന്ദ്ര സർക്കാറിന് കഴിയുന്നില്ലെങ്കിൽ ആ സംവിധാനം പരാജയമാണെന്ന് തീർച്ചയായും പറയേണ്ടി വരും’ രാജ്യത്തിലെ പൊതുജനങ്ങളുടെ കൃത്യമായ സ്ഥിതി വിവരക്കണക്കുകൾ കൈയ്യിലുണ്ടായിട്ടും അടിയന്തിര ഘട്ടത്തിൽ അത് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ സ്ഥിതി വിവരക്കണക്കുകൾ കൊണ്ടുള്ള പ്രയോജനം എന്താണ്? ഒരു സംസ്ഥാനത്തെ ജനതയുടെ ആവശ്യത്തിന് നേരെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നത് ഒട്ടും ശരിയല്ല.

പൊതുജനത്തിൻ്റെ ആരോഗ്യ സംരക്ഷണം പ്രഥമ പരിഗണനയർഹിക്കുന്ന കാര്യമാണെന്ന് പ്രത്യേകമായി ഓർമ്മിപ്പിക്കേണ്ട വിഷയമല്ല. കേന്ദ്ര സർക്കാർ അലംഭാവം കൈവെടിഞ്ഞ് സംസ്ഥാനത്തിന് ആവശ്യമായ വാക്സിനുകൾ എത്തിക്കേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.