കോവിഡ് 19: കാനഡ പ്രധാനമന്ത്രിയും ഭാര്യയും ഐസലേഷനിൽ

0

ഒട്ടാവ: ഭാര്യയില്‍ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനില്‍. ബുധനാഴ്ച വൈകിട്ടോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

നിലവില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനില്‍ തുടരാനാണ് തീരുമാനം. അതേസമയം, സ്പെയിനിലെ വനിതാ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഉപ പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസലേഷനിൽ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അടുത്ത രണ്ടുദിവസങ്ങളില്‍ പ്രവിശ്യ പ്രീമിയര്‍മാരും ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന യോഗങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ കാനഡയില്‍ 103ഓളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.