ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു

0

ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി.

തന്നെ ഈ നിമിഷത്തിലേക്കെത്തിച്ച അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും അനുകമ്പയുളളവളുമാകാന്‍ പഠിപ്പിച്ച് തന്നെ പൊതുസേവനത്തിന്റെ പാതയിലേക്ക് നയിച്ചത് അമ്മയാണെന്ന് കമല പറഞ്ഞു.

അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെട്ടു. ഒരു നേതാവെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍പരാജയമാണെന്ന് പറഞ്ഞ കമല ജോ ബൈഡനായി വോട്ടുചെയ്യാന്‍ അമേരിക്കക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ‘ജോ ബൈഡന്‍ നമ്മെ എല്ലാവരേയും ഒന്നിച്ചുനിര്‍ത്തുന്ന ഒരു പ്രസിഡന്റായിരിക്കും.’ കമല പറഞ്ഞു.

രോഗങ്ങളുടേയും തൊഴിലില്ലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല കുറ്റപ്പെടുത്തി. ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയിലെ നിലവിലെ ആപത്തുകളിൽ നിന്നും രക്ഷിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും കമല പറഞ്ഞു.

അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയാണ് കമലാ ഹാരിസ്. കമലയുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. പിതാവ് ജമൈക സ്വദേശിയും മാതാവ് ഇന്ത്യൻ വംശജയുമാണ്. നിലവിൽ കാലിഫോർണിയയിലെ സെനറ്ററാണ് കമലാ ഹാരിസ്.