വിനോദവിസ്ഫോടനത്തിന് തിരികൊളുത്തി RP പൊന്നോണം;സിംഗപ്പൂരില്‍ ഓണാഘോഷങ്ങള്‍ക്ക് ഗംഭീരതുടക്കം

0

ജുറോനഗ് ഈസ്റ്റ്‌ : സിംഗപ്പൂരിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് ഗംഭീരതുടക്കം.നൃത്ത-സംഗീത വിസ്മയങ്ങളുമായി സിംഗപ്പൂരിലെ റിപ്പബ്ലിക് പോളിടെക്നിക് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പൊന്നോണവിരുന്ന് സിംഗപ്പൂര്‍ മലയാളികള്‍ക്ക് പുതിയൊരനുഭവമായി.മെഗാബോക്സിലെ സെപ്പില്‍ വച്ച് നടന്ന പരിപാടിയില്‍ യുവതീയുവാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.രാവിലെ സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വി-മൈനര്‍ ബാന്‍ഡിന്റെ സംഗീതവിസ്മയത്തോടെ രാവിലത്തെ വിഭാഗം അവസാനിച്ചു.തുടര്‍ന്ന് നാടന്‍ ഓണസദ്യയും ഓണക്കളികളും അരങ്ങേറി.വൈകുന്നേരത്തോടെ പ്രമുഖ ബാന്‍ഡ് മസാല കോഫീ വിനോദവിസ്ഫോടനത്തിന് തിരികൊളുത്തി.മികച്ച പാട്ടുകളുടെ കൂടെ നൂതന ശബ്ദ-പ്രകാശ സംവിധാനങ്ങളും കൂടെ ചേര്‍ന്നപ്പോള്‍ പരിപാടി ആവേശത്തിന്റെ കൊടുമുടിയിലെത്തി.

റിപ്പബ്ലിക് പോളിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ ഏറെ കയ്യടിനേടി.ഡിജെ മൊന്റാനയുടെ നേതൃത്വത്തില്‍ നടന്ന ഡിജെ രാത്രിയില്‍ യുവതീയുവാക്കള്‍ നൃത്തംവച്ച് ആഘോഷിച്ചു.9 മണിയോടെ ആര്‍പി പൊന്നോണം പര്യവസാനിച്ചു.മികച്ച പ്രതികരണമാണ് RP പൊന്നോണത്തിന് കാഴ്ചക്കാര്‍ നല്‍കിയത് .അടുത്ത വര്‍ഷത്തെ ഓണാഘോഷത്തിന്റെ അനൌപചാരിക പ്രഖ്യാപനവും ഇന്നലെ നടന്നു .വരുംദിവസങ്ങളില്‍ സിംഗപ്പൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഓണാഘോഷങ്ങള്‍ അരങ്ങേറും.അടുത്ത ശനിയാഴ്ച സിംഗപ്പൂരിലെ തന്നെ ടെമാസെക്ക് പോളിയിലെ മലയാളികള്‍ അവതരിപ്പിക്കുന്ന ഓണഘോഷവും ഉണ്ടായിരിക്കും .