‘മിസ്സിസ് ജോനാസ് എന്തെങ്കിലും പറയുമോ?’; പ്രിയങ്ക ചോപ്രയെ വിമര്‍ശിച്ച് മിയ ഖലീഫ

0

ന്യൂ ഡൽഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് വാര്‍ത്താപ്രാധാന്യം നേടിയ വ്യക്തികളിലൊരാളാണ് മിയ ഖലിഫ. രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോഴും ഇതേപ്പറ്റി ഒന്നും പ്രതികരിക്കാതെ മാറി നില്‍ക്കുകയാണെന്നാരോപിച്ച് പ്രിയങ്കയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിക്കുകയാണ്.

ആഗോളതലത്തില്‍ കര്‍ഷകസമരം ഇത്രയധികം ചര്‍ച്ചയായിട്ടും ഇതേപ്പറ്റി പ്രിയങ്ക ഒരക്ഷരം മിണ്ടാത്തത് എന്താണ് എന്നായിരുന്നു മിയയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് കര്‍ഷക സമരത്തെപ്പറ്റി ശ്രീമതി പ്രിയങ്ക ചോപ്രാ ജൊനാസ് ഒന്നും മിണ്ടാത്തത്?, എന്നായിരുന്നു ട്വിറ്ററിലെഴുതിയത്.

‘പ്രിയങ്ക എപ്പോഴാണ് നിങ്ങള്‍ വായ തുറക്കുക?എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചതു പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്’, എന്നായിരുന്നു മിയയുടെ ട്വീറ്റ്.

പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകളും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ് പ്രിയങ്ക. എന്നാൽ കർഷക പ്രതിഷേധത്തിൽ താരം മൗനം തുടരുകയാണ്. ഇതിനെതിരെയാണ് മിയ രം​ഗത്തെത്തിയത്.

അതേസമയം കര്‍ഷക സമരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കര്‍ഷകര്‍ തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പോരാളികളാണെന്നും അവരുടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

റിപബ്ലിക് ദിനത്തിന് ശേഷമാണ് സമരത്തിന് പിന്തുണയുമായി മിയ രംഗത്തെത്തിയത്. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ചോദിച്ചു. ഡല്‍ഹി ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതും മിയ ചൂണ്ടിക്കാട്ടി.

പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് തുടങ്ങിയവരും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.